സൗദിയിൽ ഖിവ പോർട്ടൽ വഴി പ്രവാസികൾക്ക് സൗജന്യമായി എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കും

രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് സാലറി സർട്ടിഫിക്കറ്റും പോർട്ടൽ വഴി ലഭ്യമാകും

Update: 2024-07-26 16:59 GMT
Advertising

റിയാദ്: ഖിവ പോർട്ടൽ വഴി പ്രവാസികൾക്ക് എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് സൗജന്യമായി ലഭിക്കും. മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. ഖിവ പോർട്ടലിലെ എംപ്ലോയ്‌മെന്റ് സർട്ടിഫിക്കറ്റ് എന്ന ലിങ്കിൽ നിന്നുമാണ് ഇത് ലഭ്യമാവുക. സൗദിയിലെ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള മുഴുവൻ തൊഴിൽ കരാറുകളും ഖിവ പ്ലാറ്റ്ഫോം വഴിയാണ് രെജിസ്റ്റർ ചെയ്യുന്നത്.

ഖിവ പോർട്ടൽ വഴി പ്രവാസികൾക്ക് നൽകുന്ന സേവനങ്ങളുടെ വിശദാംശങ്ങളടങ്ങിയ പട്ടിക അടുത്തിടെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയിരുന്നു. പോർട്ടലിന്റെ സേവനങ്ങൾ ഘട്ടംഘട്ടമായി നടപ്പിലാക്കുകയാണ്. അതിന്റെ ഭാഗമായാണിപ്പോൾ പ്രവാസികൾക്ക് എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് സൗജന്യമായി ലഭ്യമാക്കുന്നത്. രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് സാലറി സർട്ടിഫിക്കറ്റും പോർട്ടൽ വഴി ലഭ്യമാകും. സൗജന്യമായാണ് ഈ സേവനങ്ങൾ ലഭ്യമാക്കുന്നത്.

ഖിവ പോർട്ടൽ ലോഗിൻ ചെയ്ത് എളുപ്പത്തിൽ തന്നെ സേവനങ്ങളും സർട്ടിഫിക്കറ്റുകളും തെരഞ്ഞെടുക്കാം. എംപ്ലോയ്‌മെന്റ് സർട്ടിഫിക്കറ്റ് എന്ന ലിങ്കിൽ നിന്നുമാണ് എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് സൗജന്യമായി ലഭിക്കുക. തൊഴിലാളികളുടെ മുൻ കാലങ്ങളിലെ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും ഖിവ വഴി ലഭ്യമാവുമെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികൾക്ക് മെച്ചപ്പെട്ട തൊഴിൽ മേഖല സൃഷ്ടിക്കുക, കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുക, തൊഴിൽ പരമായ കരാറുകളുടെ സേവനങ്ങൾ വേഗത്തിലാക്കുക എന്നിവയാണ് ഖിവ പോർട്ടൽ വഴി ലക്ഷ്യമാക്കുന്നതെന്നും അധികൃതർ അറിയിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News