സൗദിയിൽ കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം; പതിനൊന്ന് മേഖലകളിൽ പദ്ധതി പ്രഖ്യാപിക്കാൻ സാധ്യത
വരും ദിവസങ്ങളിൽ പ്രഖ്യാപനം ഉണ്ടായേക്കും
സൗദിയിൽ കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. രാജ്യത്ത് സ്വദേശികൾക്കിടയിൽ വർധിച്ചുവരുന്ന തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനുള്ള പദ്ധതികളുമായാണ് മാനവവിഭവശേഷി മന്ത്രാലയം മുന്നോട്ടുവന്നിരിക്കുന്നത്.
സ്വകാര്യ മേഖലയിലെ പതിനൊന്ന് മേഖലകളിൽ കൂടി സ്വദേശിവൽക്കരണം ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രാലയം വൃത്തങ്ങൾ വെളിപ്പെടുത്തി. സ്വദേശികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഘട്ടംഘട്ടമായി പദ്ധതി പൂർത്തിയാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനുള്ള സമഗ്ര രൂപരേഖ മന്ത്രാലയം ഇതിനകം തയ്യാറാക്കി കഴിഞ്ഞു.
വരും ദിവസങ്ങളിൽ ഇതിന്റെ പ്രഖ്യാപനം ഉണ്ടായേക്കും. സ്വകാര്യ മേഖലയിൽ ഒന്നരലക്ഷത്തിലധികം സ്വദേശികൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന് ആവഷ്‌കരിച്ച തൗതീൻ 2 പദ്ധതിക്ക് കീഴിലാണ് പുതിയ സ്വദേശിവൽക്കരണം നടപ്പിലാക്കുക.