സൗദിയില്‍ പണപ്പെരുപ്പം വീണ്ടും വര്‍ധിച്ചു

ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട കണക്കുകളിലാണ് സൗദിയില്‍ പണപ്പെരുപ്പം തുടര്‍ച്ചയായി ഉയരുന്നതായി വ്യക്തമാക്കുന്നത്

Update: 2024-03-15 15:39 GMT
Advertising

റിയാദ്: സൗദിയില്‍ പണപ്പെരുപ്പം വീണ്ടും വര്‍ധിച്ചു.വീട്ടുവാടകയും വൈദ്യുതി നിരക്കുമെല്ലാം പണപ്പെരുപ്പത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത്. രാജ്യത്ത് ജീവിതച്ചിലവ് കുത്തനെ ഉയര്‍ന്നതായും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട കണക്കുകളിലാണ് സൗദിയില്‍ പണപ്പെരുപ്പം തുടര്‍ച്ചയായി ഉയരുന്നതായി വ്യക്തമാക്കുന്നത്. ജനുവരിയില്‍ 1.6 ശതമാനമായിരുന്ന പണപ്പെരുപ്പം 0.2 വര്‍ധിച്ച് ഫെബ്രുവരിയില്‍ 1.8ശതമാനമായി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഓഗസ്റ്റില്‍ ഇത് രണ്ട് ശതമാനമായിരുന്നു. രാജ്യത്ത് അവശ്യ വസ്തുക്കളുടെ വില വര്‍ധിച്ചതാണ് പണപ്പെരുപ്പം ഉയരാന്‍ കാരണം. പാര്‍പ്പിടം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങള്‍ എന്നിവയുടെ വിലയില്‍ 8.5 ശതമാനം വര്‍ധനവാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയത്. കൂടാതെ ഭക്ഷണ പാനീയങ്ങളുടെ വിലയും 1.3 ശതമാനമായി ഉയര്‍ന്നു. കെട്ടിട വാടക ക്രമാതീതമായി ഉയരുന്നതാണ് ഫെബ്രുവരിയിലും പണപ്പെരുപ്പം ഉയരാന്‍ കാരണമായത്. ജനുവരി മാസത്തെ അപേക്ഷിച്ച് വാടകയില്‍ മാത്രം പത്ത് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കൂടാതെ പച്ചക്കറികളുടെ വിലയില്‍ 7.6 ശതമാനം വര്‍ധനയുണ്ടായത് ഭക്ഷണ പാനീയങ്ങളുടെ വിലയേയും ബാധിച്ചു. ഹോട്ടലുകളില്‍ ഭക്ഷ്യ വിഭവങ്ങളുടെ വിലയില്‍ 2.5 ശതമാനം വര്‍ധനവാണുണ്ടായത്. അതേസമയം യാത്രാ ചിലവ് 0.9 ശതമാനം കുറഞ്ഞുതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News