ഇന്റർനാഷണൽ ലേബർ മാർക്കറ്റ് കോൺഫറൻസ്; രണ്ടാം പതിപ്പ് അടുത്ത വർഷം റിയാദിൽ
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 40 തൊഴിൽ മന്ത്രിമാർ പങ്കെടുക്കും
റിയാദ്: ഇന്റർനാഷണൽ ലേബർ മാർക്കറ്റ് കോൺഫറൻസ് 2025 ജനുവരിയിൽ റിയാദിൽ സംഘടിപ്പിക്കും. ലോകത്തെ തൊഴിൽ വിപണിയുടെ ഭാവിയെ കുറിച്ച് ചർച്ച ചെയ്യാനാണ് സമ്മേളനം. റിയാദ് കിംഗ് അബ്ദുൽ അസീസ് ഇൻറർനാഷണൽ കൺവെൻഷൻ സെന്ററാണ് വേദി. ജനുവരി 29-30 തീയതികളിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 40 തൊഴിൽ മന്ത്രിമാർ പങ്കെടുക്കും. തൊഴിൽ വിപണിയിൽ യുവാക്കൾ നേരിടുന്ന വെല്ലുവിളികൾ, സ്മാർട്ട് നയങ്ങൾ, ചെറുകിട-ഇടത്തരം കമ്പനികളുടെ നവീകരണം, ഡിജിറ്റൽ മാറ്റത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവ ചർച്ചയാകും. 50 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 200ലധികം പ്രഭാഷകരും പരിപാടിയിലെത്തും. തൊഴിൽ വിപണി നേരിടുന്ന വെല്ലുവിളികളും സാധ്യതകളും സമ്മേളനത്തിൽ ചർച്ചയാവും. ഇതിലൂടെ തൊഴിൽ വിപണിയുടെ ഭാവി രൂപപ്പെടുത്തുക എന്നതാണ് സമ്മേളനം ലക്ഷ്യം വെക്കുന്നതെന്ന് സൗദി സൗദി മാനവ വിഭവശേഷി സാമൂഹികവികസന മന്ത്രി അഹമ്മദ് അൽറാജിഹി പറഞ്ഞു. തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും പ്രഭാഷണങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കും. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ, വേൾഡ് ബാങ്ക്, യുണൈറ്റഡ് നാഷണൽ ഡെവലപ്‌മെൻറ് പ്രോഗ്രാം, എന്നിവയുടെ പിന്തുണയോടെയാണ് സമ്മേളനം.