ഇറാൻ പ്രസിഡന്‍റ് സൗദിയിലേക്ക്; ചരിത്ര സന്ദർശനം
ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബർ ആണ് സൗദിയുടെ ക്ഷണം സ്വീകരിച്ചതായി അറിയിച്ചത്
ജിദ്ദ: സൗദി അറേബ്യ സന്ദർശിക്കാനുള്ള ക്ഷണം ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി സ്വീകരിച്ചു. ഇരു രാജ്യങ്ങളും ബന്ധം പുനസ്ഥാപിക്കാൻ തീരുമാനിച്ചതോടെയാണ് ചരിത്ര സന്ദർശത്തിന് വഴിയൊരുങ്ങിയത്. സന്ദർശനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബർ ആണ് സൗദിയുടെ ക്ഷണം സ്വീകരിച്ചതായി അറിയിച്ചത്. മേഖലാ രാജ്യങ്ങളുമായുള്ള ബന്ധം മയപ്പെടുത്താനും മെച്ചപ്പെടുത്താനുമാണ് ഇറാൻ ആഗ്രഹിക്കുന്നത്. സൗദി അറേബ്യയുമായുള്ള അനുരഞ്ജനത്തിന്റെ കാര്യത്തിൽ സംഭവിക്കുന്നത് കേവലം യാദൃശ്ചികമല്ല. മറിച്ച്, അത് ആസൂത്രണം ചെയ്തതാണ്. അത് ശരിയായ സമയത്ത് സംഭവിക്കേണ്ടതായിരുന്നു. ഇതാണിപ്പോൾ സംഭവിക്കുന്നതെന്നും ഇറാൻ വൈസ് പ്രസിഡണ്ട് പറഞ്ഞു.
ഏഴു വർഷത്തെ ഇടവേളക്കു ശേഷം നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ സൗദി അറേബ്യയും ഇറാനും ധാരണയിലെത്തിയിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് മുൻകൈയെടുത്ത് നടത്തിയ ശ്രമങ്ങളാണ് ഇതിന് വഴിയൊരുക്കിയത്. ഇറാൻ വിദേശ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹ്‌യാൻ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി ഫോണിൽ ചർച്ച നടത്തിയിരുന്നു. ഇറാൻ പ്രസിഡന്‍റിന്‍റെ സന്ദർശന തിയതി ഉൾപ്പെടെ വരും ദിവസങ്ങളിൽ പ്രഖ്യാപിച്ചേക്കും.