ലോകസഭാ തെരഞ്ഞെടുപ്പ്; പ്രവാസി ആകുലതകൾ പങ്കുവെച്ച് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ടോക്ക് ഷോ
ജിദ്ദയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ രാഷ്ട്രീയ, സാമൂഹിക, സംസ്‌കാരിക, കലാ, സാഹിത്യ, മത സംഘടനാ പ്രതിനിധികൾ പങ്കെടുത്തു
ജിദ്ദ: ഇന്ത്യയുടെ 18ാമത് ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവാസികളുടെ ആകുലതകൾ പങ്കുവെച്ച് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം 'ടോക്ക് ഷോ' സംഘടിപ്പിച്ചു. 'വോട്ടർമാർ ബൂത്തിലേക്ക്; പ്രവാസികൾ നിലപാട് വ്യക്തമാക്കുന്നു' എന്ന പേരിലായിരുന്നു പരിപാടി. ജിദ്ദയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ രാഷ്ട്രീയ, സാമൂഹിക, സംസ്‌കാരിക, കലാ, സാഹിത്യ, മത സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.
നിർണായകമായ തെരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും ഈ തെരഞ്ഞെടുപ്പിൽ പ്രവാസികൾ തങ്ങളുടെ വോട്ട് കൃത്യമായി വിനിയോഗിക്കണമെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഏത് തെരഞ്ഞെടുപ്പ് വന്നാലും പ്രവാസി വിഷയങ്ങൾക്ക് തെരഞ്ഞെടുപ്പിൽ കാര്യമായ പരിഗണന നൽകാൻ ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളൊന്നും ശ്രദ്ധിക്കാറില്ലെന്നും പ്രവാസികൾ ഒറ്റക്കെട്ടായി ശബ്ദമുയർത്തുകയല്ലാതെ ഇതിന് മറ്റു വഴികളില്ലെന്നും ടോക്ക് ഷോ വിലയിരുത്തി.
സ്വാതന്ത്രാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അവസാനത്തിന്റെ തുടക്കമായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് മാധ്യമപ്രവർത്തകൻ എ.എം സജിത്ത് അഭിപ്രായപ്പെട്ടു. കഴിഞ്ഞ 10 വർഷമായി രാജ്യത്ത് നടക്കുന്ന, ലോകം കാണുന്ന മാറ്റങ്ങൾ സാധാരണക്കാരുടെ ഇടയിലേക്ക് പതുക്കെ പതുക്കെ ഊർന്നിറങ്ങിയിട്ടുണ്ട്. ജനാധിപത്യ സംവിധാനത്തിൽ സതൃസന്ധമായി വിവരങ്ങൾ ലഭിക്കാനുള്ള ഏകമാർഗം സുതാര്യമായിട്ടുള്ള, നിഷ്പക്ഷമായിട്ടുള്ള മാധൃമങ്ങളാണ്. അത്തരമൊരു മാധ്യമ ശൃംഖലയുടെ അഭാവം ഈ തെരഞ്ഞെടുപ്പിൽ മുഴച്ചു കാണുന്നു. പവർ പൊളിറ്റിക്സിന്റെ പാത പിന്തുടർന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അപചയത്തിനു കാരണമായിട്ടുണ്ട്. സാധാരണക്കാർ മാറി ചിന്തിക്കുന്നുണ്ടെന്ന സൂചനയുണ്ട്. പിടിച്ചു നിൽക്കാൻ കഴിയുമോ എന്ന ഭയപ്പാടിൽ നിന്നാണ് നേതാക്കളിൽനിന്ന് വിഷലിപ്തമായ വാക്കുകൾ വരുന്നത്. ഇത്തരം ആശങ്കകൾക്കു മേലെ നാം പുതിയ രാജൃം പടുത്തുയർത്തും എന്ന കാര്യത്തിൽ സംശയമില്ലെന്നും എ.എം സജിത്ത് അഭിപ്രായപ്പെട്ടു.
വർഗീയ, വംശീയ കലാപമുണ്ടാക്കിയാണ് ഒന്നാം മോഡി സർക്കാർ അധികാരത്തിൽ വന്നത്. രാജൃത്തെ കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുത്താണ് രണ്ടാമത് ബി.ജെ.പി അധികാരത്തിലെത്തിയത്. നിലവിൽ കോർപറേറ്റ് മാധ്യമങ്ങളെ കൂട്ടുപ്പിടിച്ചു വീണ്ടും അധികാരത്തിലേറാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തികൊണ്ടിരിക്കുന്നതെന്ന് ഷിബു തിരുവനന്തപുരം (നവോദയ) അഭിപ്രായപ്പെട്ടു. സാമ്പത്തികമായി ഇന്ത്യയെ തകർത്ത, കോർപറേറ്റ് സ്ഥാപനങ്ങളെ സഹായിക്കുന്ന മോഡിയുടെ ദുർഭരണത്തിനെതിരെ കോൺഗ്രസ് ശബ്ദിക്കുന്നില്ലെന്നും അതിനാൽ കേരളത്തിലെ 20 ഇടതുപക്ഷ സ്ഥാനാർത്ഥികളേയും വിജയിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി നയിക്കുന്ന കേന്ദ്രസർക്കാർ തങ്ങളുടെ അധികാരം ഉപയോഗിച്ച് രാജ്യത്തെ ജനാധിപത്യ, മതേതരത്വത്തെ നശിപ്പിച്ചതായി സി.എം അഹമ്മദ് (ഒ.ഐ.സി.സി) പറഞ്ഞു. ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങി മുഴുവൻ ഭരണഘടനാ സ്ഥാപനങ്ങളെയും അവർ തങ്ങളുടെ വരുതിയിലാക്കി. മുസ്ലിം പേരുള്ളവന് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കി. സാമ്പത്തികമായി ഞെരുക്കമുണ്ടാക്കി. ഇതിന്റെയൊക്കെ പ്രതൃാഘാതം നാട്ടിലുള്ളരെക്കാൾ പ്രവാസികളിലുണ്ടാക്കി. ഫാസിസ്റ്റ് ഭരണം വീണ്ടും വരാതിരിക്കാനുള്ള ശ്രമം നടത്തണം. കോൺഗ്രസ് അധികാരത്തിൽ വന്നാൽ മോദി സർക്കാർ കൊണ്ടുവന്ന പല കാടൻ നിയമങ്ങളും റദ്ദാക്കും. തെരഞ്ഞെടുപ്പിൽ കൃത്രിമത്തിന്റെ ആശങ്കയുണ്ടെങ്കിലും അതിനെയൊക്കെ മറികടന്ന് നല്ല ശതമാനം വോട്ടിങ്ങിലുടെ ബി.ജെ.പിയെ താഴെ ഇറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെങ്ങും ഇന്ത്യ എന്ന ഒറ്റക്കെട്ടിൽ ബി.ജെ.പിക്കെതിരെ ഒന്നിക്കുന്ന സഖ്യത്തിന് ഈ തെരഞ്ഞെടുപ്പിൽ വിജയിക്കാനാവുമെന്ന് കണക്കുകൾ നിരത്തി വി.പി മുസ്തഫ (കെ.എം.സി.സി) വിലയിരുത്തി. പ്രവാസികളെ തീർത്തും അവഗണിച്ച സർക്കാരായിരുന്നു കഴിഞ്ഞ 10 വർഷക്കാലം കേന്ദ്രത്തിലും നിലവിൽ കേരളത്തിലും. കഴിഞ്ഞ യു.പി.എ സർക്കാരുകളുടെ കാലത്ത് പ്രവാസികൾക്ക് വേണ്ടി സർക്കാർ ചെയ്ത സേവനങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും ബിജെപിയെ താഴെ ഇറക്കാൻ നിലവിൽ കോൺഗ്രസിന് കീഴിലുള്ള സംവിധാനത്തിനല്ലാതെ മറ്റാർക്കും കഴിയില്ലെന്നും അതിനാൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടുന്ന മുന്നണിയെ ശക്തിപ്പെടുത്താനാവണം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് സാദിഖലി തുവ്വൂർ അധ്യക്ഷത വഹിച്ചു. പി.എം മായിൻകുട്ടി വിഷയാവതരണം നടത്തി. സത്താർ ഇരിട്ടി (ന്യൂ ഏജ്), ഉമർ ഫാറൂഖ് (പ്രവാസി വെൽഫയർ), കെ.ടി അബൂബക്കർ (ജി.ജി.ഐ), നാസർ ചാവക്കാട് (ഐ.ഡി.ഡി), സി.എച്ച് ബഷീർ (തനിമ), അബ്ബാസ് ചെമ്പൻ (ഇസ്‌ലാഹി സെന്റർ), അബ്ദുൽ ഗഫൂർ (വിസ്ഡം), മിർസ ശരീഫ്, അരുവി മോങ്ങം, ശിഹാബ് കരുവാരകുണ്ട്, ജലീൽ കണ്ണമംഗലം, കബീർ കൊണ്ടോട്ടി, ഗഫൂർ കൊണ്ടോട്ടി, ജാഫറലി പാലക്കോട്, ബിജു രാമന്തളി, കെ.സി ഗഫൂർ, റജിയ ബീരാൻ, മുംതാസ് ടീച്ചർ പാലോളി, നൂറുന്നീസ ബാവ തുടങ്ങിയവരും സംസാരിച്ചു. ജനറൽ സെക്രട്ടറി സുൽഫീക്കർ ഒതായി സ്വാഗതവും ട്രഷറർ സാബിത്ത് സലിം നന്ദിയും പറഞ്ഞു.