സൗദിയിൽ തൊഴിലവസങ്ങൾ കുതിച്ചുയരുന്നു
രാജ്യത്ത് നടപ്പാക്കുന്ന സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികളാണ് തൊഴിലവസരങ്ങൾ വർധിക്കാൻ കാരണമായത്
ജിദ്ദ: സൗദിയിലെ സ്വകാര്യ മേഖലയിൽ തൊഴിലവസങ്ങൾ കുതിച്ചുയരുന്നു. കഴിഞ്ഞ വർഷം മാത്രം പത്ത് ലക്ഷത്തിലധികം പേർ പുതിയതായി ജോലിയിൽ പ്രവേശിച്ചു.രാജ്യത്ത് നടപ്പിലാക്കി വരുന്ന സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികളാണ് തൊഴിലവസരങ്ങൾ ഇത്രയേറെ വർധിക്കാൻ കാരണമായത്.
കഴിഞ്ഞ വർഷം മാത്രം സൗദിയിലെ സ്വകാര്യ മേഖലയിൽ 10 ലക്ഷത്തിലധികം തൊഴിലാളികളാണ് പുതിയതായി ജോലിയിൽ പ്രവേശിച്ചത്. 2022നെ അപേക്ഷിച്ച് 11.5 ശതമാനം വർധനവ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതായി നാഷണൽ ലേബർ ഒബ്സർവേറ്ററി അറിയിച്ചു.
സ്ത്രീകളാണ് കഴിഞ്ഞ വർഷം തൊഴിൽ നേടിയവരിൽ 37 ശതമാനവും. നിർമ്മാണം, ഗതാഗതം, സംഭരണം എന്നീ മേഖലകളിൽ തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായി. ഈ മേഖലകളിൽ 719,300 പേർ പുതിയതായി ജോലിയിൽ പ്രവേശിച്ചു. ഗതാഗത, സംഭരണ വ്യവസായത്തിൽ 94,500-ലധികം പുതിയ സ്ഥാപനങ്ങളും, മൊത്ത-ചില്ലറ വ്യാപാര മേഖലയിൽ 73,300 പുതിയ സ്ഥാപനങ്ങളും കഴിഞ്ഞ വർഷം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം വരെയുള്ള കണക്കനുസരിച്ച് സൗദിയിലെ സ്വകാര്യ മേഖലയിൽ ആകെ 11.1 ദശലക്ഷം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. അതിൽ 2.3 ദശലക്ഷം പേർ സ്വദേശികളും 8.8 ദശലക്ഷം പേർ വിദേശികളുമാണ്. വനിതാ ജീവനക്കാരിൽ 9,61,690 പേർ സ്വദേശികളും, 3,48,892 പേർ വിദേശികളുമുണ്ട്. പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന സ്വദേശികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.
26,694 സ്വദേശികൾ കഴിഞ്ഞ മാസം മാത്രം ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. സ്വകാര്യമേഖലയിൽ 20 വർഷത്തിന് മുകളിൽ പരിചയമുള്ള 1,23,000 ത്തിലധികം സ്വദേശികളുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.