സൗദിയിൽ ഹോട്ടലുകൾക്ക് ലൈസൻസിംഗ് ഫീസ് ഒഴിവാക്കി

ടൂറിസം മേഖലയുടെ വളർച്ചയും ആകർഷകമായ നിക്ഷേപ അന്തരീക്ഷവും ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം

Update: 2024-09-05 14:05 GMT
Advertising

ദമ്മാം: സൗദിയിൽ ഹോട്ടലുകൾ, അപ്പാർട്ട്മെന്റുകൾ, താമസ റിസോട്ടുകൾ എന്നിവയുടെ ലൈസൻസിംഗ് ഫീസ് ഒഴിവാക്കി. മുനിസിപ്പൽ മന്ത്രാലയമാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ടൂറിസം മേഖലയുടെ വളർച്ചയും ആകർഷകമായ നിക്ഷേപ അന്തരീക്ഷവും ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രി മാജിദ് ബിൻ അബ്ദുല്ലയാണ് പുതിയ പ്രഖ്യാപനം നടത്തിയത്.

ഹോട്ടലുകൾ, അപ്പാർട്ടമെന്റുകൾ, റെസിഡൻഷ്യൽ റിസോർട്ടുകൾ എന്നിവയുടെ വാണിജ്യ പ്രവർത്തന ലൈസൻസുകൾക്കുള്ള ബലദിയ്യ ഫീസുൾപ്പെടെയുള്ള മുഴുവൻ തുകയും ഒഴിവാക്കി. പുതിയ കെട്ടിടങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നതിനും പഴയത് പുതുക്കുന്നതിനും ഇനി മുതൽ ഫീസ് നൽകേണ്ടതില്ല. മുനിസിപ്പൽ നടപടി ക്രമങ്ങളുടെയും സേവനങ്ങളുടെയും വേഗത വർധിപ്പിക്കുക, ടൂറിസം മേഖലയുടെ വികാസം, പൗരൻമാർക്കും, താമസക്കാർക്കും, വിനോദ സഞ്ചാരികൾക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, ആകർഷകമായ നിക്ഷേപ അന്തരീക്ഷം ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് പുതിയ തീരുമാനം.

തീരുമാനം ടൂറിസം നിക്ഷേപ മേഖലകളിൽ വമ്പൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് ഈ രംഗത്തുള്ളവർ അഭിപ്രായപ്പെട്ടു. കൂടാതെ തൊഴിലവസരങ്ങൾ വർധിക്കുന്നതിനും ആഭ്യന്തരോൽപാദനം വർധിക്കുന്നതിനും നടപടി ഇടയാക്കും. വിഷൻ 2030ന്റെ ലക്ഷ്യ പൂർത്തീകരണം ത്വരിതപ്പെടുത്തുന്നതിനും പ്രഖ്യാപനം സഹായിക്കും.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News