ചരിത്രം രചിച്ച് സൗദി ഗെയിംസിന് റിയാദിൽ തുടക്കം
6,000-ത്തിലധികം കായികതാരങ്ങളും 2,000 സാങ്കേതിക വിദഗ്ധരും പങ്കെടുക്കുന്ന 'സൗദി ഗെയിംസ് 2022' രാജ്യത്തെ ഏറ്റവും വലിയ ദേശീയ കായിക പരിപാടിയാണെന്ന് സംഘാടകർ
ദമ്മാം: ചരിത്രം രചിച്ച് സൗദി ഗെയിംസിന് റിയാദിൽ തുടക്കമായി. രാജ്യത്ത് ആദ്യമായി സംഘടിപ്പിച്ച ഗെയിംസിന് വർണാഭമായ പരിപാടികളോടെയായിരുന്നു ആരംഭം. 22 സ്റ്റേഡിയങ്ങളിലായി 45 ഓളം കായിക ഇനങ്ങളാണ് ഗെയിംസിന്റെ ഭാഗമായി അരങ്ങേറുക. റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ഉദ്ഘാടനം നിർവഹിച്ചു.
6,000-ത്തിലധികം കായികതാരങ്ങളും 2,000 സാങ്കേതിക വിദഗ്ധരും പങ്കെടുക്കുന്ന 'സൗദി ഗെയിംസ് 2022' രാജ്യത്തെ ഏറ്റവും വലിയ ദേശീയ കായിക പരിപാടിയാണെന്ന് സംഘാടകർ പറഞ്ഞു. കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസലിന്റെ സാന്നിധ്യത്തിലായിരുന്ന പരിപാടി. 200-ലധികം സൗദി ക്ലബ്ബുകളെ പ്രതിനിധീകരിച്ചുള്ള കായികതാരങ്ങൾ 45 കായിക ഇനങ്ങളിലായി മത്സരിക്കാനെത്തും. ഇതിന് പുറമെ വിഭിന്നശേഷിക്കാരുടെ പാരാലിമ്പിക്‌സിൽ അഞ്ച് കായിക ഇനങ്ങളിലും മത്സരം നടക്കും.
റിയാദിലെ 22 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരാർത്ഥികൾക്ക് ഏറ്റവും ഉയർന്ന സമ്മാനങ്ങളാണ് ലഭിക്കുക. 20 കോടി റിയാൽ ഇതിനായി വകയിരുത്തിട്ടുണ്ട്. ഓരോ ഇനത്തിലെയും സ്വർണ മെഡൽ ജേതാവിന് 10 ലക്ഷം റിയാൽ വീതവും വെള്ളി മെഡലിന് മൂന്ന് ലക്ഷവും വെങ്കല മെഡലിന് ഒരു ലക്ഷം റിയാലും സമ്മാനമായി നൽകും.