അഞ്ച് വർഷത്തിന് ശേഷം നാട്ടിൽ പോകാനിരുന്ന മലയാളി റിയാദിൽ മരിച്ചു
ഹൃദയാഘാതത്തെ തുടർന്നാണ് മരണം
റിയാദ്: അഞ്ചു വർഷത്തിന് ശേഷം നാട്ടിൽ പോകാനിരിക്കെ മലയാളി യുവാവ് താമസ സ്ഥലത്ത് മരണപ്പെട്ട നിലയിൽ. തിരൂർ, കല്ലിങ്ങൽ സ്വദേശി മുഹമ്മദ് റഫീഖിനെയാണ് ഹൃദയാഘാതം മൂലം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സൗദിയിലെ റിയാദിലെ റൂമിൽ വെച്ച് ഇന്നലെയാണ് മരിച്ചത്. ഉറക്കത്തിനിടെ മരണം സംഭവിച്ചതാകാമെന്നാണ് കരുതുന്നത്.
ടിക്കറ്റ് സ്വന്തമാക്കി ഇന്നലെ വിമാനത്താവളത്തിലേക്ക് പോകാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു മരണം. ഫോണിൽ റഫീഖിനെ കിട്ടാതായതോടെ കൂട്ടുകാർ തിരക്കി എത്തിയപ്പോഴാണ് കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 42കാരനായ ഇദ്ദേഹം റിയാദ് എക്‌സിറ്റ് പതിമൂന്നിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതോടെയാണ് നാട്ടിലേക്ക് പോകുന്നത് വൈകിയത്. വീട്ടിലേക്കുള്ള ബാഗേജെല്ലാം തയ്യാറാക്കിയ ശേഷമാണ് മരണം. പരേതനായ കാവുങ്ങൽ മുഹമ്മദ്‌സൈനബ ദമ്പതികളുടെ മകനാണ് റഫീഖ്. ഭാര്യ മുംതാസ്. മക്കളായ റിഷ, സഹ്‌റാൻ, ദർവീഷ് ഖാൻ എന്നിവർ വിദ്യാർഥികളാണ്. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും.