സൌദിയിൽ വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മലയാളി യുവതിയെ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു

ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ സഹായത്തോടെയാണ് ഇവരെ നാട്ടിലെത്തിച്ചത്

Update: 2022-08-31 18:20 GMT
Advertising

കുടുംബ സന്ദർശന വിസയിലെത്തി സൌദിയിൽ വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മലയാളി യുവതിയെ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ സഹായത്തോടെയാണ് ഇവരെ നാട്ടിലെത്തിച്ചത്. അപകടത്തിൽ പരുക്കേറ്റ ഇവരുടെ ഭർത്താവ് സലീം ഇപ്പോഴും അത്യാസന്ന നിലയിൽ സൌദിയിൽ ചികിത്സയിൽ തുടരുകയാണ്. അപകടത്തിൽ പരിക്കേറ്റിരുന്ന ഇവരുടെ ഒമ്പത് വയസ്സുകാരിയായ മകളെ നേരത്തെ നാട്ടിലേക്കയച്ചിരുന്നു.

മക്ക മദീന യാത്രക്കിടെയാണ് അപകടമുണ്ടായത്. സൌദിയിലെ നജ്റാനിൽ നിന്നും ഓഗസ്റ്റ് അഞ്ചാം തിയതി ഉംറക്കും മദീന സന്ദർശനത്തിനുമായി പുറപ്പെട്ടതായിരുന്നു പാലക്കാട് ഒറ്റപ്പാലം സ്വദേശി പുളിക്കൽ സലീമും, ഭാര്യ സാബിറയും ഒമ്പത് വയസ്സുകാരിയായ മകൾ സിൻഹയും. സന്ദർശന വിസയിലെത്തിയ കുടുംബത്തോടൊപ്പം ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി മദീനയിലേക്കുള്ള യാത്രക്കിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ ഇവരെ മദീനയിലെ സൗദി ജർമ്മൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സിച്ച് വരികയായിരുന്നു. എന്നാൽ ചികിത്സ 20 ദിവസം പിന്നിട്ടതോടെ സന്ദർശന വിസയിലായിരുന്ന സാബിറയുടെ മെഡിക്കൽ ഇൻഷൂറൻസ് പരിരക്ഷ അവസാനിച്ചു. ഇതോടെ തുടർ ചികിത്സ പ്രയാസത്തിലായി. നട്ടെല്ലിൻ്റെ വിവിധ ഭാഗങ്ങളിലും കാൽമുട്ടിന് താഴെയും ഉണ്ടായ പൊട്ടലുകൾക്ക് പുറമെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ക്ഷതമേറ്റിട്ടുണ്ട്. അപകടത്തിൽ തുടയെല്ല് പൊട്ടിയ മകൾ ഒമ്പത് വയസ്സുകാരി സിന്‍ഹയെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തുടർ ചികിത്സക്കായി നാട്ടിലേക്കയച്ചിരുന്നു. ഗരുതരമായി പരിക്കേറ്റ ഭർത്താവ് സലീം സൌദി ജർമ്മൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഇൻഷൂറൻസ് പരിരക്ഷ അവസാനിച്ച സാഹചര്യത്തിലാണ് തുടർ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയത്.

Full View

നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വന്നപ്പോഴേക്കും സാബിറയുടേയും മകളുടേയും വിസിറ്റ് വിസാ കാലാവധിയും അവസാനിച്ചു. ഭർത്താവായ സലീം വെൻ്റിലേറ്ററിൽ ചികിത്സയിലായതിനാൽ വിസ കാലാവധി പുതുക്കുന്നതിനും പ്രയാസം നേരിട്ടു.ഇതോടെ ആശുപത്രിയിൽ തുടരാനാകാത്ത സാഹചര്യവും ഉണ്ടായി. തുടർന്ന് അഞ്ച് ദിവസത്തോളം ജിദ്ദയിലെ ഹസ്സൻ ഗസ്സാവി ആശുപത്രിയിലായിരുന്നു സാബിറ. അപകടം പറ്റിയത് മുതൽ ഇന്ത്യൻ സോഷ്യൽ ഫോറത്തിൻ്റെ വനിതകളുൾപ്പെടെയുള്ള പ്രവർത്തകരുടെ പരിചരണത്തിലായിരുന്നു ഇവർ. ഒടുവിൽ യാത്രരേഖകൾ ശരിയാക്കി സെട്രക്ച്ചർ സൌകര്യത്തോടെ നാട്ടിലേക്ക് കൊണ്ടുപോകാൻ വഴിയൊരുങ്ങിയതും സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടലിലൂടെയാണ്. ജിദ്ദയിൽ നിന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ സാബിറയെ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലാണ് തുടർ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News