സൗദിയിൽ സ്വകാര്യ മേഖലയിൽ ജോലിയിൽ പ്രവേശിക്കുന്ന സ്വദേശികളുടെ എണ്ണത്തിൽ വർധന
രാജ്യത്ത് നടപ്പിലാക്കി വരുന്ന സ്വദേശിവൽക്കരണ പദ്ധതിയാണ് തൊഴിലവസരങ്ങൾ വർധിപ്പിച്ചത്.
സൗദി: സ്വകാര്യ മേഖലയിൽ ജോലിയിൽ പ്രവേശിക്കുന്ന സ്വദേശികളുടെ എണ്ണത്തിൽ വർധന. ഈ വർഷം ആദ്യ ഒമ്പത് മാസത്തിനിടെ രണ്ടു ലക്ഷത്തിലേറെ സ്വദേശികൾക്ക് പുതുതായി തൊഴിൽ ലഭിച്ചു. രാജ്യത്ത് നടപ്പിലാക്കി വരുന്ന സ്വദേശിവൽക്കരണ പദ്ധതിയാണ് തൊഴിലവസരങ്ങൾ വർധിപ്പിച്ചത്.
ഈ വർഷം ജനുവരി മുതൽ സെപ്തംബർ വരെയുള്ള ഒമ്പത് മാസത്തിനിടെ സ്വകാര്യ മേഖലയിൽ 2,10,400 ഓളം സ്വദേശികൾ പുതിയതായി ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 80,000 പേർക്കായിരുന്നു ജോലി ലഭിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ച സ്വദേശികളുടെ എണ്ണം 180 ശതമാനം വർധിച്ചു. സർവകാല റെക്കോർഡാണിത്.
പുതുതായി ജോലിയിൽ പ്രവേശിച്ചവരിൽ 63 ശതമാനവും വനിതകളാണ്. 1,32,600 ഓളം സ്വദേശി വനിതകൾക്ക് സ്വകാര്യ മേഖലയിൽ പുതുതായി തൊഴിലുകൾ ലഭിച്ചു. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന സൗദിവൽക്കരണ പദ്ധതികളും ശക്തമായ സാമ്പത്തിക വളർച്ചയുമാണ് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാഹചര്യമൊരുക്കിയത്.