'പുതിയ ബസുകൾ വേണം': സൗദിയിൽ രാജ്യാന്തര ബസ് സർവീസുകൾക്കുള്ള പുതിയ നിയമാവലി വരുന്നു
സൗദിയിലോ വിദേശ രാജ്യങ്ങളിലോ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി നേരത്തെ രജിസ്റ്റർ ചെയ്ത ബസുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
റിയാദ്: രാജ്യാന്തര ബസ് സർവീസുകളുടെ ഗുണ നിലവാരവും സുരക്ഷയും വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നിയമാവലി. പത്തു വർഷത്തിലേറെ പഴക്കമുള്ള ബസുകൾ നാളെ മുതൽ വിദേശ സർവീസുകൾക്ക് ഉപയോഗിക്കാൻ പാടില്ല. സൗദിയിലോ വിദേശ രാജ്യങ്ങളിലോ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി നേരത്തെ രജിസ്റ്റർ ചെയ്ത ബസുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
ഡ്രൈവറും അസിസ്റ്റൻ്റ് ഡ്രൈവറും നേരത്തെ കുറ്റകൃത്യങ്ങളിലൊന്നും ഉൾപ്പെട്ടിട്ടില്ല എന്ന് സ്ഥിരീകരിക്കുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. കൂടാതെ അംഗീകൃത പ്രാഥമിക ശുശ്രൂഷാ പരിശീലന കോഴ്‌സ് പൂർത്തിയാക്കണമെന്നും നിബന്ധനയുണ്ട്. അതോറിറ്റി നിർണയിക്കുന്ന മെഡിക്കൽ പരിശോധനയും, പ്രൊഫഷനൽ യോഗ്യതാ ടെസ്റ്റും മറ്റു പരിശീലനങ്ങളും പാസായവർക്ക് മാത്രമേ വാഹനമോടിക്കാൻ അനുവാദമുള്ളൂ.
വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന ബസുകൾ സൗദിയിൽ നിന്ന് മടങ്ങി പോകുമ്പോൾ പൊതുഗതാഗത കേന്ദ്രങ്ങൾ വഴിയോ, പ്രാദേശിക ഏജൻ്റ് വഴിയോ മാത്രമേ യാത്രക്കാരെ കയറ്റാൻ പാടുള്ളൂവെന്നും പുതിയ നിയമാവലി അനുശാസിക്കുന്നു.