ലെവിയും സ്വദേശിവത്ക്കരണവും; സൗദി വിട്ട വിദേശികളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു
കൊഴിഞ്ഞു പോക്കിനിടയിലും പുതിയ അവസരങ്ങള്‍ തേടി വിദേശികള്‍ സൗദിയിലെത്തുന്നത് തുടരുകയാണ്
സൗദിയിൽ ഏർപ്പെടുത്തിയ ലെവിയും സൗദിവത്ക്കരണവും കാരണം രാജ്യംവിട്ട വിദേശികളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. ഇത് രാജ്യത്തുള്ള ആകെ വിദേശ തൊഴിലാളികളുടെ പത്ത് ശതമാനം വരും. 2018 മുതൽ വിദേശികള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയത് മുതലാണ് കൊഴിഞ്ഞ് പോക്ക് ആരംഭിച്ചത്. കോവിഡും കൂടി ആയതോടെ കൊഴിഞ്ഞു പോക്കിന് ആക്കം കൂടി.
എന്നാല്‍ ഇക്കാലയളവില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിട്ടുണ്ട്. കൂടുതൽ അവസരങ്ങൾ സൗദികൾക്ക് ലഭിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. 2017 അവസാനത്തില്‍ 3.16 ദശലക്ഷം ആയിരുന്ന സ്വദേശികളുടെ എണ്ണം ഇപ്പോള്‍ 3.34 ദശലക്ഷമായി വര്‍ധിച്ചു.
കൊഴിഞ്ഞു പോക്കിനിടയിലും പുതിയ അവസരങ്ങള്‍ തേടി വിദേശികള്‍ സൗദിയിലെത്തുന്നത് തുടരുകയാണ്. പ്രതിസന്ധിയുണ്ടങ്കിലും ഇപ്പോഴും 25 ലക്ഷത്തോളം ഇന്ത്യക്കാര്‍ സൗദിയിലുണ്ട്. ഇതില്‍ പകുതിയിലേറെയും മലയാളികളാണ്. പുതിയ വന്‍കിട പദ്ധതികളില്‍ അവസരം തേടി രാജ്യത്തെത്തുന്ന പ്രവാസികളാണ് കൂടുതലും.