സൗദിയിലെ സവാള പ്രതിസന്ധി; പ്രാദേശിക വിളവെടുപ്പ് ഉടൻ, കൂടുതൽ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി
കഴിഞ്ഞ വർഷം 7,02,000 ടണ്‍ സവാളയാണ് രാജ്യത്തൊട്ടാകെ ഉപയോഗിച്ചത്. അതിൽ 52 ശതമാനവും പ്രാദേശികമായി ഉൽപാദിപ്പിച്ചതാണ്.
ജിദ്ദ: സവാളയുടെ വിലക്കയറ്റം സൗദിയിലെ മാത്രം പ്രശ്നമല്ലെന്നും ആഗോള പ്രതിസന്ധിയാണെന്നും ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സ്. കൂടുതൽ രാജ്യങ്ങളിൽ നിന്ന് സവാള ഇറക്കുമതി ചെയ്ത് പ്രതിസന്ധി പരിഹരിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക വിളവെടുപ്പ് പൂർത്തിയാകുന്നതോടെ ഈ മാസം വിലയിൽ സ്ഥിരത കൈവരിക്കുമെന്നും ഫെഡറേഷൻ അറിയിച്ചു.
"സൗദിയില്‍ സവാളക്ക് ക്ഷാമം അനുഭവപ്പെടാൻ സാധ്യതയില്ല. കഴിഞ്ഞ വർഷം 7,02,000 ടണ്‍ സവാളയാണ് രാജ്യത്തൊട്ടാകെ ഉപയോഗിച്ചത്. അതിൽ 52 ശതമാനവും പ്രാദേശികമായി ഉൽപാദിപ്പിച്ചതാണ്. ശേഷിക്കുന്നവ മാത്രമാണ് മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തത്. ആഗോള തലത്തില്‍ ഉള്ളി വില ഉയര്‍ന്നതും സവാള കയറ്റി അയക്കുന്ന രാജ്യങ്ങളില്‍ ഉല്‍പാദനം കുറഞ്ഞതുമാണ് വിതരണ ശൃംഖലകളിൽ പ്രതിസന്ധിയുണ്ടാകാൻ കാരണം"
ഇത് മൂലം ചില രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്കുള്ള സവാള ഇറക്കുമതി കുറഞ്ഞു. എന്നാൽ പുതിയ ചില രാജ്യങ്ങളില്‍ നിന്ന്കൂടി സവാള ഇറക്കുമതി ചെയ്യാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. കൂടാതെ പ്രാദേശികമായി കൃഷി ചെയ്യുന്ന സവാളയുടെ വിളവെടുപ്പ് വൈകാതെ ആരംഭിക്കുകയും ചെയ്യും. അതോടെ ഈ മാസം സൗദി വിപണിയില്‍ സവാള വിലയില്‍ സ്ഥിരത കൈവരിക്കാനാകുമെന്നും പ്രതിസന്ധിക്ക് പരിഹാരമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ് വ്യക്തമാക്കി.