കനത്ത ചൂടിൽ വലഞ്ഞ് ഹാജിമാർ; 7000ത്തോളം പേർ ചികിത്സ തേടി
ഹജ്ജ് സീസൺ ആരംഭിച്ച ശേഷം ഇതുവരെ 6700 പേർ സൂര്യാഘാതവും കടുത്ത ചൂടും മൂലമുള്ള ക്ഷീണവും ദേഹാസ്വാസ്ഥ്യങ്ങളും മൂലം ആശുപത്രികളിൽ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മക്ക: കനത്ത ചൂടിൽ ഇത്തവണ സൂര്യാഘാതം കാരണം ഏഴായിരത്തോളം ഹാജിമാർ ചികിത്സ തേടി. ദുൽഹജ്ജ് പത്തിന് മാത്രം രണ്ടായിരത്തോളം പേരാണ് സൂര്യാതപത്തെ തുടർന്ന് ചികിത്സ തേടിയത്. ഇതിനകം 35 ലേറെ ഇന്ത്യക്കാർ വിവിധ ആരോഗ്യ കാരണങ്ങളാൽ മരണപ്പെട്ടിട്ടുണ്ട്.
സമീപ വർഷങ്ങളിലെ ഏറ്റവും ശക്തമായ ചൂടാണ് ഇത്തവണ അനുഭവപ്പെട്ടത്. ഹജ്ജ് സീസൺ ആരംഭിച്ച ശേഷം ഇതുവരെ 6700 പേർ സൂര്യാഘാതവും കടുത്ത ചൂടും മൂലമുള്ള ക്ഷീണവും ദേഹാസ്വാസ്ഥ്യങ്ങളും മൂലം ആശുപത്രികളിൽ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ദുൽഹജ് പത്തിനു മാത്രം, അതായത് അറഫാ ദിനത്തിന് തൊട്ടടുത്ത ദിനം മാത്രം, 2000 ഓളം പേർ സൂര്യാഘാതവും കടുത്ത ചൂടും മൂലമുള്ള ക്ഷീണവും ദേഹാസ്വാസ്ഥ്യങ്ങളോടെ ആശുപത്രികളിൽ ചികിത്സ തേടി. ഇക്കൂട്ടത്തിൽ 261 പേർ സൂര്യാഘാതമേറ്റവരാണ്. ഇത്തവണത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം ആരോഗ്യ മന്ത്രാലയ ആശുപത്രികളിൽ 2,15,000 ലേറെ പേർ ചികിത്സ തേടിയിട്ടുണ്ട്.
നാലായിരത്തിലേറെ ഹാജിമാരെ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തു. വെർച്വൽ ആശുപത്രി സേവനം 3500 ലേറെ പേർക്ക് പ്രയോജനപ്പെട്ടു. ഉയർന്ന താപനിലയാണ് ഈ വർഷത്തെ ഹജിന് ആരോഗ്യ മന്ത്രാലയം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഇന്ത്യൻ ഹാജിമാരിൽ മലയാളികളായ നാല് പേരടക്കം 35ലേറെ തീർഥാടകർ ഇതിനകം വിവിധ കാരണങ്ങളാൽ മരണപ്പെട്ടിട്ടുണ്ട്.