വയനാടിനായി കൈകോർത്ത് ഖസീം പ്രവാസി സംഘം; ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം കൈമാറി
ഖസീം പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽനിന്ന് മുഖ്യമന്ത്രി ഫണ്ട് ഏറ്റുവാങ്ങി
ബുറൈദ: വയനാട് ജില്ലയിലെ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും അട്ടമലയിലെയും ഉരുൾപൊട്ടലിൽ കേരള സർക്കാർ നടത്തുന്ന പുനഃരധിവാസ പ്രവർത്തനങ്ങൾക്ക് ഖസീം പ്രവാസി സംഘത്തിന്റെ കൈത്താങ്. ഖസീം പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ കുടുംബവേദിയുടേയും ബാലവേദിയുടേയും സഹകരണത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി. തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ ഖസീം പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അജ്മൽ പാറക്കൽ, സതീഷ് ആനക്കയം, നൗഷാദ് കരുനാഗപ്പള്ളി എന്നിവരിൽനിന്ന് മുഖ്യമന്ത്രി ഫണ്ട് ഏറ്റുവാങ്ങി.
ദുരന്ത മുഖത്തും രാഷ്രീയത്തിന്റെ പേരിൽ രാജ്യത്തെ ജനതയെ വേർതിരിച്ചു കാണുന്ന കേന്ദ്ര സർക്കാരിന്റെ സമീപനം അപലപനീയമാണ്. ഈ അടുത്തകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായിട്ടും മുന്നൂറിൽ പരം മനുഷ്യ ജീവനുകൾ ഇല്ലാതാവുകയും അത്രത്തോളം തന്നെ മനുഷ്യരെ കാണാതാവുകയും ചെയ്ത ദുരന്തത്തിൽ ഒരു കൈസഹായം നൽകാൻ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറാവാത്തത് കടുത്ത വിവേചനമാണ്. കണക്കുകൾ നിരത്താനാണ് രണ്ട്മാസം പിന്നിട്ട വേളയിലും കേരള സർക്കാറിനോട് ആവശ്യപ്പെടുന്നത്. എന്നാൽ കേന്ദ്ര സർക്കാരിന് താല്പര്യമുള്ള സംസ്ഥാനങ്ങളിൽ നഷ്ടങ്ങളുടെ ഒരു കണക്കും പറയാതെ തന്നെ സഹായങ്ങളുമായി മുന്നോട്ട് വന്നത് കേരളത്തോട് കാണിക്കുന്ന കടുത്ത അവഗണനയാണ്. യൂണിയൻ സർക്കാരിന്റെ ഇത്തരം നടപടിയിൽ ഖസീം പ്രവാസി സംഘത്തിന്റെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി രക്ഷാധികാരി സമിതി പ്രസ്താവനയിൽ പറഞ്ഞു.