സൗദിയിൽ തൊഴിൽകരാറുകൾ ഖിവയിലേക്ക് മാറ്റാത്ത സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്

സമയബന്ധിതമായി കരാറുകൾ ഇലക്ട്രോണിക് രൂപത്തിലേക്ക് മാറ്റാത്ത സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ ഭാഗികമായി നിർത്തിവെക്കാനാണ് തീരുമാനം.

Update: 2023-11-13 18:57 GMT
Advertising

ജിദ്ദ: സൗദിയിൽ സ്വാകാര്യ മേഖലയിൽ തൊഴിൽകരാറുകൾ ഖിവ പോർട്ടലിലേക്ക് മാറ്റാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സമയബന്ധിതമായി കരാറുകൾ ഇലക്ട്രോണിക് രൂപത്തിലേക്ക് മാറ്റാത്ത സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ ഭാഗികമായി നിർത്തിവെക്കുമെന്ന് മന്ത്രാലയം അറിയിച്ചു. തൊഴിൽ വിപണി കൂടുതൽ ആകർഷകമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 

തൊഴിൽ വകുപ്പിൻ്റേതുൾപ്പെടെയുള്ള സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ വർഷം ഏപ്രിൽ മുതലാണ് ഖിവ പ്ലാറ്റ് ഫോം പ്രവർത്തനമാരംഭിച്ചത്. ഘട്ടം ഘട്ടമായി സ്ഥാപനങ്ങൾക്കുള്ള വിവിധ സേവനങ്ങളും ഇതിലേക്ക് മാറ്റി. പുതിയ സേവനങ്ങൾ ഉൾപ്പെടുത്തുന്നതും ഖിവ പ്ലാറ്റ്ഫോമിലാണ്. അതിനാൽ തന്നെ തൊഴിലാളികൾ ഖിവ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണമെന്നും തൊഴിൽ കരാറുകൾ ഖിവയിലേക്ക് മാറ്റണമെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. 

ഈ വർഷം മുതൽ ഓരോ മൂന്ന് മാസത്തിലും നിശ്ചിത ശതമാനം തൊഴിലാളികളുടെ കരാറുകൾ ഖിവയിലേക്ക് മാറ്റാനായിരുന്നു നിർദേശം. ആദ്യ മൂന്ന് മാസത്തിൽ മൊത്തം ജീവനക്കാരുടെ എണ്ണത്തിൻ്റെ 20 ശതമാനവും രണ്ടാം പാദത്തിൽ 50 ശതമാനവും മൂന്നാം പാദത്തിൽ 80 ശതമാനവും കരാറുകൾ ഖിവയിലേക്ക് മാറ്റാനായിരുന്നു മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്.

സെപ്തംബർ മാസം അവസാനിക്കുന്നതിന് മുമ്പ് 80 ശതമാനം തൊഴിലാളികുടെയും കരാറുകൾ ഖിവ പ്ലാറ്റ്ഫോമിലേക്ക് മാറ്റാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള വിവിധ സേവനങ്ങൾ നിർത്തിവെക്കുമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന തൽക്ഷണ വിസ, സേവനങ്ങളുടെ കൈമാറ്റം, തൊഴിൽ മാറാനുള്ള അഭ്യർത്ഥനകൾ തുടങ്ങിയവയാണ് നിറുത്തിവെക്കുന്ന സേവനങ്ങളിൽ പ്രധാനപ്പെട്ടവ. തൊഴിൽ വിപണി കൂടൂതൽ ആകർഷകമാക്കുന്നതിൻ്റെയും ജീവനക്കാരുടേയും തൊഴിലുടമകളുടേയും അവകാശങ്ങൾ സംരക്ഷിക്കുന്നതിൻ്റെയും ഭാഗമായാണിത്.

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News