ഫലസ്തീൻ പൗരന്മാർക്ക് സൗദിയിൽ ഇളവ്; ഉംറ തീർഥാടകർക്ക് ആറ് മാസം വരെ തങ്ങാം
ഇസ്രായേൽ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇളവ്
ജിദ്ദ: ഫലസ്തീനിൽ നിന്നെത്തിയ ഉംറ തീർഥാടകർക്ക് ആറ് മാസം രാജ്യത്ത് തങ്ങാൻ അനുമതി നൽകുമെന്ന് സൗദി അറേബ്യ. ഇസ്രായേൽ ആക്രമണത്തെ തുടർന്ന് സൗദിയിൽ കുടുങ്ങിയ ഫലസ്തീൻ പൗരന്മാർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം.സൗദിയുടെ ഉദാരമായ സമീപനത്തിന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.
മൂന്ന് മാസമാണ് ഉംറ തീർതാടകർക്ക് സൌദിയിൽ തങ്ങാൻ അനുവാദമുള്ളത്. എന്നാൽ ഫലസ്തീൻ പൌരന്മാർക്ക് ആറ് മാസം വരെ രാജ്യത്ത് തങ്ങാൻ അനുവാദം നൽകുമെന്ന് സൌദി അറേബ്യ വ്യക്തമാക്കി. ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് സൌദിയുടെ തീരുമാനം.
ഫലസ്തീനിൽ നിന്ന് ഉംറക്കെത്തിയ നിരവധി പേർ ഇസ്രായേൽ ആക്രമണം മൂലം തിരിച്ച് പോകാനാകാതെ സൌദിയിൽ പ്രതിസന്ധിയിലായിരുന്നു. ഇവർക്ക് ഏറെ ആശ്വാസം നൽകുന്ന തീരുമാനമാണിത്. സൌദി ഭരണാധികാരി സൽമാൻ രാജാവിൻ്റെയും കിരീടാവകാശിയുടെയും ഉദാര സമീപനത്തിന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.
കൂടാതെ തീർത്ഥാടകരോടുള്ള സൗദി അറേബ്യയുടെ അനുകമ്പയെ മന്ത്രാലയം പ്രശംസിക്കുകയും ചെയ്തു. ആറ് മാസത്തേക്കുള്ള താമസാനുമതി ദുരിതബാധിതരായ വ്യക്തികൾക്ക് അവരുടെ മാതൃരാജ്യത്തേക്ക് സുരക്ഷിതമായി മടങ്ങുന്നതുവരെ താൽക്കാലിക ആശ്വാസം നൽകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.