വിദേശ രാജ്യങ്ങളിലുള്ളവർക്ക് നുസുക് ആപ്പ് വഴി ഹജ്ജിന് അപേക്ഷിക്കാമെന്ന് സൗദി
തീർത്ഥാടകരുടെ വിമാന യാത്ര ക്രമീകരണങ്ങൾ, ആവശ്യമായ മാർഗനിർദേശങ്ങൾ, ഗതാഗതം, താമസം, ഭക്ഷണം തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടുന്ന പാക്കേജുകൾ തെരഞ്ഞെടുക്കാനും പുതിയ സേവനത്തിൽ സൗകര്യമുണ്ട്
ജിദ്ദ: വിദേശ രാജ്യങ്ങളിലുള്ളവർക്ക് നുസുക് മൊബൈൽ ആപ്പ് വഴി ഈ വർഷത്തെ ഹജ്ജിന് അപേക്ഷിക്കാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തിൽ യൂറോപ്പ്, യു.എസ്.എ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലുള്ളവർക്കാണ് ഈ സേവനം ലഭ്യമാകുക. ഈ രാജ്യങ്ങളിൽ താമസ വിസയുള്ള ഇന്ത്യക്കാർക്കും പുതിയ സേവനം ഉപയോഗപ്പെടുത്താം.
സർക്കാർ പുറത്തിറിക്കിയ ഏകീകൃത പ്ലാറ്റ് ഫോമായ നുസുക് ഹജ്ജ് ആപ്പ് വഴിയോ, നുസുക് ഡോട്ട് ഹജ്ജ് ഡോട്ട് എസ്.എ എന്ന വെബ്‌സൈറ്റ് വഴിയോ ആണ് അപേക്ഷിക്കേണ്ടത്. ഓണ്‌ലൈൻ പ്ലാറ്റ് ഫോമുകളിലൂടെ ഹജ്ജിന് അപേക്ഷിക്കുമ്പോൾ എളുപ്പത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. രജിസ്റ്റർ ചെയ്യാനും ബുക്ക് ചെയ്യാനും പണമടയ്ക്കാനും ഇതിലൂടെ സാധിക്കും. കൂടാതെ തീർത്ഥാടകരുടെ വിമാന യാത്ര ക്രമീകരണങ്ങൾ, ആവശ്യമായ മാർഗനിർദേശങ്ങൾ, ഗതാഗതം, താമസം, ഭക്ഷണം തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടുന്ന പാക്കേജുകൾ തെരഞ്ഞെടുക്കാനും പുതിയ സേവനത്തിൽ സൗകര്യമുണ്ട്.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ യൂറോപ്പ്, യുഎസ്.എ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ 58 ലധികം രാജ്യങ്ങളിലുളളവർക്കാണ് ഈ സേവനം ലഭ്യമാകുക. ഈ രാജ്യങ്ങളിൽ താമസ വിസയിൽ കഴിയുന്ന ഇന്ത്യക്കാർക്കും സേവനം ഉപയോഗിച്ച് ഹജ്ജിന് വരാവുന്നതാണ്. ഈ വർഷം ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഹജ്ജിന്റെ കർമ്മങ്ങൾ എളുപ്പത്തിലും സൗകര്യത്തോടെയും ചെയ്യാൻ പ്രാപ്തരാക്കുന്നതിനായി വിപുലമായ സേവനങ്ങളും വിവരങ്ങളും ഉൾപ്പെടുത്തിയാണ് നുസുക് പ്ലാറ്റ് ഫോം സജ്ജീകരിച്ചിട്ടുള്ളതെന്ന് മന്ത്രാലയം വിശദീകരിച്ചു.