സൗദിയിൽ ഇനി ഫുട്ബോൾ മാമാങ്കം; ക്രിസ്റ്റ്യാനോയും കരീം ബെൻസേമയും അടക്കം സൂപ്പർ താരങ്ങളിറങ്ങും
ജൂലൈ 27 മുതൽ ഓഗസ്റ്റ് 12 വരെ മത്സരം.
ക്രിസ്റ്റ്യാനോ റോണാൾഡോയും കരീം ബെൻസേമയും അടക്കം ലോകോത്തര താരങ്ങളുടെ നിരയുമായി സൗദിയിൽ ഫുട്ബോൾ മത്സരത്തിന് തുടക്കമാകും. ഏറ്റവുമുയർന്ന സമ്മാനത്തുകയുള്ള കിങ് സൽമാൻ കപ്പിന് ഈ മാസം 27നാണ് തുടക്കമാവുക. സൗദിയിലെ ക്ലബ്ബുകൾ ലോകോത്തര താരങ്ങളെ സ്വന്തമാക്കിയ ശേഷമുള്ള ആദ്യത്തെ ഫുട്ബോൾ സീസണാണിത്.
അൽ ഇത്തിഹാദ്, അൽ നസർ, അൽ ഹിലാൽ എന്നിവയുൾപ്പെടെ 16 അറബ് ടീമുകളുടെ പങ്കാളിത്തം. ജൂലൈ 27 മുതൽ ഓഗസ്റ്റ് 12 വരെ മത്സരം. തായിഫ്, അബഹ, അൽ-ബാഹ എന്നിവിടങ്ങളിലാണ് ചാമ്പ്യൻസ് ക്ലബ്ബുകൾക്കായുള്ള കിംഗ് സൽമാൻ കപ്പ് ഫുട്ബോൾ മത്സരം അരങ്ങേറുക. മുൻനിര ഫുട്ബോൾ താരങ്ങളുടെ പടയൊരുക്കം പ്രതീക്ഷിക്കുന്ന മത്സരത്തിലേക്കുള്ള ടിക്കറ്റുകൾ വേഗത്തിലാണ് വിറ്റുപോകുന്നത്. അൽ ഇത്തിഹാദിനായി ഫ്രഞ്ച് താരം കരീം ബെൻസേമ, എൻഗാലോ കാന്റെ പോർച്ചുഗീസ് താരം ജോവോ ഫെലിപ്പെ എന്നിവരൊന്നിച്ച് രംഗത്തിറങ്ങും. ജൂലൈ 27ന് ത്വഇഫിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഇവർ ഇറങ്ങും.
അൽ നസറിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിൽ ക്രൊയേഷ്യയുടെ മാർസെലോ ബ്രോസോവിച്ച്, ഫ്രഞ്ച് താരം സിക്കോ ഫൊഫാന എന്നിവരും ബൂട്ടണിയും. ഇവർ മൂന്നു പേരും അൽ നസറിനായി ഒന്നിച്ചിറങ്ങുന്ന ആദ്യ മത്സരമാകും ഇത്. അൽ ഹിലാലിനായി സെനഗലിന്റെ കലിഡൗ കൗലിബാലി, പോർച്ചുഗീസിന്റെ റൂബൻ നെവ്സ്, സെർബിയൻ താരം സെർജി സാവിക് എന്നീ മൂന്ന് താരങ്ങളും കളിക്കളത്തിലുറങ്ങും.
നേരത്തെ അറബ് ജനത മാത്രം കണ്ടിരുന്ന മത്സരം ലോക ശ്രദ്ധയിലേക്കെത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അറബ് മേഖലയിൽ മാത്രമുണ്ടായിരുന്ന സൗദി പ്രോ ലീഗ് ക്രിസ്റ്റ്യാനോയുടെ വരവോടെ 130 രാജ്യങ്ങളിലേക്ക് സംപ്രേഷണമെത്തിച്ചിരുന്നു. ഇതുവരെ ശ്രദ്ധിക്കാതിരുന്ന മത്സരങ്ങളിലേക്ക് പ്രവാസികളും ഇപ്പോൾ ടിക്കറ്റ് സ്വന്തമാക്കുകയാണ്.