സൗദി അത്തിപ്പഴ ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിച്ചു

ജീസാനിലാണ് ഇത്തവണ അത്തിപ്പഴം ഏറ്റവുമധികം ഉല്പാദിപ്പിച്ചത്

Update: 2024-08-05 17:01 GMT
Advertising

റിയാദ്: അത്തിപ്പഴ ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിച്ചതായി സൗദി പരിസ്ഥിതി കാർഷിക മന്ത്രാലയം. നൂറ്റി പതിനൊന്ന് ശതമാനമാണ് നിലവിൽ സൗദിയിലെ ഉത്പാദനം. ജീസാനിലാണ് ഇത്തവണ അത്തിപ്പഴം ഏറ്റവുമധികം ഉല്പാദിപ്പിച്ചത്. ഇരുപത്തി എട്ടായിരം ടണ്ണിലധികമാണ് ഈ വർഷത്തെ മൊത്ത ഉത്പാദനം.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായാണ് ഇത്തവണ അത്തിപ്പഴ കൃഷി ഇറക്കിയത്. ഇതിനായി 1,421 ഹെക്ടർ കൃഷിയിടമാണ് ഉപയോഗിച്ചത്. 9,906 ടൺ വാർഷിക ഉൽപ്പാദനവുമായി ജീസാനാണ് ഉല്പാദനത്തിൽ ഒന്നാമത്. മാമ്പഴ ഉത്പാദനത്തിലും ഇത്തവണ ജീസാൻ തന്നെയാണ് ഒന്നാമത്. റിയാദ്, അസീർ, മക്ക, അൽ-ജൗഫ്, അൽ-ബാഹ,അൽ-ഖാസിം, എന്നീ മേഖലകളും അത്തിപ്പഴ ഉല്പാദനത്തിൽ മുന്നിട്ട് നിൽക്കുന്നു.

ഓരോ വർഷവും ഫെബ്രുവരി മുതൽ നവംബർ വരെയാണ് അത്തിപ്പഴ ഉൽപ്പാദന സീസൺ. മദനി, ടർക്കിഷ്, നാടൻ, വസീരി, കടോടാ, വൈറ്റ് കിംഗ് തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും രാജ്യത്തുല്പാദിപ്പിക്കുന്നത്. രക്തസമ്മർദ്ദം കുറയ്ക്കുക, മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുക, എല്ലുകളെ ശക്തിപ്പെടുത്തുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നിങ്ങനെ ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ അത്തിപ്പഴത്തിന് ഉണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News