വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ പുതിയ വിദ്യാഭ്യാസ പദ്ധതിയുമായി സൗദി അറേബ്യ
രാജ്യത്തെ വിദ്യാഭ്യാസ- ഗവേഷണ മേഖലകളെ ഉത്തേജിപ്പിക്കുകയാണ് ലക്ഷ്യം.
ദമ്മാം: വിദേശ വിദ്യാര്‍ഥികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ പുതിയ വിദ്യാഭ്യാസ പദ്ധതിയുമായി സൗദി അറേബ്യ. രാജ്യത്തെ വിദ്യാഭ്യാസ- ഗവേഷണ മേഖലകളെ ഉത്തേജിപ്പിക്കുകയാണ് ലക്ഷ്യം. സൗദി സര്‍വകലാശാലകളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന അന്തര്‍ദേശീയ വിദ്യാര്‍ഥികള്‍ക്കായി സ്റ്റഡി ഇന്‍ സൗദി അറേബ്യ എന്ന പേരില്‍ പുതിയ പ്ലാറ്റ്‍ഫോം ആരംഭിച്ചു.
വിദേശ വിദ്യാര്‍ഥികളെയും അക്കാദമിക് വിദഗ്ധരെയും അകര്‍ഷിക്കുന്നതിനായാണ് വിദ്യാഭ്യാസ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും പുതിയ വിദ്യാഭ്യാസ വിസ പ്രോഗ്രാം ആരംഭിക്കുന്നത്. റിയാദില്‍ സംഘടിപ്പിച്ച ദ്വിദിന ഹ്യൂമന്‍ കൈപ്പബിലിറ്റി ഇനീഷ്യേറ്റീവില്‍ വിദ്യാഭ്യാസ മന്ത്രി യുസഫ് അല്‍ബുനയ്യാനാണ് പ്രഖ്യാപനം നടത്തിയത്. സൗദി സര്‍വകലാശാലകളില്‍ പഠനം തുടരാന്‍ ആഗ്രഹിക്കുന്ന അന്തര്‍ദേശീയ വിദ്യാര്‍ഥികള്‍ക്ക് ഈ പ്ലാറ്റ്‌ഫോം വഴി വിസക്ക് അപേക്ഷിക്കാന്‍ സാധിക്കും.
വിദ്യാര്‍ഥികള്‍ക്കുള്ള വിസ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും വിദ്യാഭ്യാസ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളെ സംയോജിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ സംരംഭം. സര്‍വകലാശാലകളിലേക്കുള്ള പ്രവേശന അപേക്ഷകള്‍ എളുപ്പത്തിലും ലളിതമായും സമര്‍പ്പിക്കാന്‍ ഈ പ്ലാറ്റ്‌ഫോം വഴി വിദ്യാര്‍ഥികൾക്ക് സാധിക്കും. ദീര്‍ഘകാല, ഹ്രസ്വകാല പഠന പരിശീലനങ്ങള്‍ക്ക് പ്ലാറ്റ് ഫോം ഉപയോഗിക്കാം.