സൗദിയിലെ തൊഴിൽ മേഖലയിൽ യുവജന പങ്കാളിത്തം വർധിപ്പിക്കുന്നു
നിലവിൽ സൗദിയുടെ മൊത്തം ജനസംഖ്യയുടെ 44 ശതമാനവും യുവാക്കളാണ്
റിയാദ്: സൗദിയിലെ തൊഴിൽ മേഖലയിൽ യുവജന പങ്കാളിത്തം വർധിപ്പിക്കുന്നു. ഇതിനായി യുവജന വികസന പദ്ധതി അധികൃതർ പ്രഖ്യാപിച്ചു. നിലവിൽ സൗദിയുടെ മൊത്തം ജനസംഖ്യയുടെ 44 ശതമാനവും യുവാക്കളാണ്.
യുവജനങ്ങൾ നമ്മുടെ സമ്പത്താണ് എന്ന തലക്കെട്ടിൽ സാമൂഹിക വികസന മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ വികസനത്തിൽ യുവാക്കളുടെ സംഭാവന വർധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. മൊത്തം തൊഴിൽ മേഖലയുടെ 78 ശതമാനവും നിലവിൽ യുവാക്കളാണ്. ഇതിലടക്കം പങ്കാളിത്തം വർധിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മുപ്പതിലധികം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുക.സൗദി സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ റാജിഹാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതിക്ക് പത്തോളം പ്രധാന ലക്ഷ്യങ്ങളുണ്ട്. അവ പൂർത്തീകരിക്കാൻ യുവാക്കൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് അവസരങ്ങൾ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇരുപത് പുതിയ സംരംഭങ്ങളും 40 പദ്ധതികളും ഇതിന്റെ നടത്തിപ്പിനായി ആവിശ്കരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിഷൻ 2030 ന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.