സുബൈറിന്റെ മോൾക്ക് പത്ത് പവൻ സ്വർണം സൗദി പ്രവാസി നൽകും
സുബൈറിന്റെ മകൾ ഫിദ ഫാത്തിമയുടെ വിവാഹത്തിനായി സ്വരുക്കൂട്ടിവച്ച രണ്ടേ മുക്കാൽ പവൻ സ്വർണം ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടിരുന്നു
റിയാദ്, സൗദി അറേബ്യ: ഉരുൾപൊട്ടലിൽ വീട് തകർന്ന മുണ്ടക്കൈ സ്വദേശി സുബൈറിന്റെ മകളുടെ കല്യാണത്തിന് പത്ത് പവൻ സൗദി പ്രവാസി നൽകും. സുബൈറിന്റെ മകൾ ഫിദ ഫാത്തിമയുടെ വിവാഹത്തിനായി ആകെ സ്വരുക്കൂട്ടിവച്ച രണ്ടേ മുക്കാൽ പവൻ സ്വർണവും നഷ്ടപ്പെട്ടിരുന്നു. സുബൈറിന്റെ കുടുംബത്തിന്റെ പ്രയാസം തിരിച്ചറിഞ്ഞ മലപ്പുറം കാളികാവ് സ്വദേശിയും റിയാദിൽ പ്രവാസിയുമായ കാരക്കാടൻ മൊയ്തീൻ കുട്ടിയും കുടുംബവുമാണ് പത്ത് പവൻ കൈമാറുക. വയനാട് ഡോക്ടറായ മൊയ്തീൻ കുട്ടിയുടെ മകൾ സുബൈറിന്റെ കുടുംബവുമായി മീഡിയവൺ വഴി സംസാരിച്ച് ഓഫർ അറിയിച്ചിട്ടുണ്ട്. വിവരം അറിയിച്ചപ്പോൾ സുബൈറിന്റെ മകൾ വിതുമ്പുകയായിരുന്നു.
തെരുവിൽ പാട്ടുപാടി ജീവിക്കുന്ന സുബൈറിന് പ്രിയപ്പെട്ടവർ വിടപറഞ്ഞു പോയതിന്റെ നൊമ്പരമാണ് പറയാനുള്ളത്. മീഡിയവൺ ഇക്കാര്യം ഇന്ന് അക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. ഭാര്യയും മക്കളും ഉമ്മയും അടങ്ങുന്ന കുടുംബത്തെ സുബൈർ പോറ്റിയത് തെരുവിൽ പാട്ടുപാടിയാണ്. എന്നാൽ ആ സമ്പാദ്യമെല്ലാം ഉരുൾപൊട്ടലിൽ ഒലിച്ചുപോയിരിക്കുകയാണ്. പക്ഷേ ഉരുൾ പൊട്ടിയ മണ്ണിലേക്ക് നന്മയുടെ ഉറവ നിലക്കാതെ ഒഴുകുകയാണ്.