സൗദി-ഇന്തോനേഷ്യ ഫുട്‌ബോൾ മത്സരം 1-1 സമനിലയിൽ
2026 ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യത റൗണ്ട് മത്സരമാണ് സമനിലയിൽ പിരിഞ്ഞത്
ജിദ്ദയിൽ നടന്ന സൗദി അറേബ്യ-ഇന്തോനേഷ്യ ഫുട്‌ബോൾ മത്സരം 1-1 സമനിലയിൽ അവസാനിച്ചു. 2026 ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യത റൗണ്ട് മത്സരമാണ് സമനിലയിൽ പിരിഞ്ഞത്. ജിദ്ദയിലേ കിങ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയിൽ നടന്ന മത്സരം ആവേശം നിറഞ്ഞതായിരുന്നു.
ആദ്യപകുതിയിൽ കളം നിറഞ്ഞു കളിച്ച ഇന്തോനേഷ്യ 19ാം മിനിറ്റിൽ റോഗ്‌നർ ഒറാറ്റ്മാൻഗ്വിനിലൂടെ ആദ്യ ഗോൾ നേടി. പിന്നീട് ശക്തമായ തിരിച്ചുവരവാണ് സൗദി നടത്തിയത്. ഹാഫ് ടൈമിന് മുന്നേ എക്‌സ്ട്രാ ടൈമിലെ മൂന്നാം മിനിറ്റിൽ മിസ്അബ് അൽജുവൈർ നേടിയ മനോഹര ഗോളിലൂടെ ടീം സമനില പിടിച്ചു.
ഹാഫ് ടൈമിന് ശേഷം സൗദി താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തതോടെ. പ്രതിരോധത്തിലായി ഇന്തോനേഷ്യ. മത്സരത്തിന്റെ 79ാം മിനിറ്റിൽ പെനാൽറ്റി ലഭിച്ചില്ലെങ്കിലും അൽ ദോസരി എടുത്ത കിക്ക് ഗോളിലെത്തിക്കാൻ കഴിയാതെ പോയത് കളിയുടെ ആവേശം ചോർത്തി. നിറഞ്ഞ ഗാലറി നിശബ്ദരായി. പിന്നീട് ഇന്തോനേഷ്യൻ ഗോൾമുഖത്ത് തുടർച്ചയായി ശ്രമങ്ങൾ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. സൗദിയുടെ മുത്ത്അബ് അൽ ഹർബി പരിക്കേറ്റു മടങ്ങിയതും സൗദിക്ക് തിരിച്ചടിയായി. അടുത്ത ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിനാണ് ചൈനയ്‌ക്കെതിരായ സൗദിയുടെ രണ്ടാം റൗണ്ട് മത്സരം.