യുക്രൈൻ യുദ്ധത്തിൽ സൗദി ഇടപെടുന്നു; രാഷ്ട്രീയ പരിഹാരം കാണാൻ സന്നദ്ധത അറിയിച്ചു
യുക്രൈൻ പ്രസിഡന്റ് ഇന്ന് ഉച്ചയോടെയാണ് ജിദ്ദയിൽ വിമാനമിറങ്ങിയത്.
ജിദ്ദ: റഷ്യ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ മധ്യസ്ഥതയ്ക്ക് സൗദി അറേബ്യ തയാറാണെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉറപ്പു നൽകി. ജിദ്ദയിലെ അറബ് ലീഗ് സമ്മേളനത്തിലെത്തിയ യുക്രൈൻ പ്രസിഡന്റ് വ്ലാദ്മിർ സെലെൻസ്കിക്കാണ് സൗദി കിരീടാവകാശി പിന്തുണയും ഉറപ്പും നൽകിയത്. അറബ് രാജ്യങ്ങളുടെ പിന്തുണ യുക്രൈന് ഉണ്ടാകണമെന്ന് അദ്ദേഹം ഉച്ചകോടിയിൽ ആവശ്യപ്പെട്ടു.
യുക്രൈൻ പ്രസിഡന്റ് ഇന്ന് ഉച്ചയോടെയാണ് ജിദ്ദയിൽ വിമാനമിറങ്ങിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് അറബ് ലീഗ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്. റഷ്യയും യുക്രൈനും തമ്മിലുള്ള പ്രശ്നങ്ങൾക്ക് മധ്യസ്ഥ ശ്രമങ്ങൾ തുടരാനും പ്രതിസന്ധി രാഷ്ട്രീയമായി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങളെയും പിന്തുണയ്‌ക്കാനും സന്നദ്ധമാണെന്ന് കിരീടാവകാശി പറഞ്ഞു.
സമാധാനത്തിനായുള്ള സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരം നൽകിയതിന് സൗദിയോട് യുക്രൈൻ പ്രസിഡന്റ് നന്ദി പറഞ്ഞു. റഷ്യൻ ജയിലുകളിലെ കൂടുകളിൽ നിന്ന് ആളുകളെ രക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. യുക്രൈയ്നിൽ റഷ്യ പിടികൂടിയ 10 വിദേശികളെ മോചിപ്പിക്കാൻ സൗദി കിരീടാവകാശി ഇടപെട്ടിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള അടുത്ത ബന്ധമാണ് ഈ നീക്കം സാധ്യമാക്കിയത്.
സൗദി അറേബ്യയുമായുള്ള സഹകരണം ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകാൻ തയ്യാറാണെന്നും ജിദ്ദയിൽ എത്തിയതിന് തൊട്ടുപിന്നാലെ സെലെൻസ്കി ട്വിറ്ററിൽ കുറിച്ചിരുന്നു. സമ്മേളനത്തിന് പിന്നാലെ ജിദ്ദയിൽ നടന്ന ഉച്ചകോടിയിക്കെത്തിയ യുക്രൈൻ പ്രസിഡന്റുമായി സൗദി കിരീടാവകാശി പ്രത്യേകം ചർച്ചയും നടത്തി. വിവിധ വിഷയങ്ങളിൽ ഇരുവരും ചർച്ചകളും പൂർത്തിയാക്കി.
യുക്രൈൻ പ്രസിഡന്റ് സൗദിയിലെത്തിയത് ഏറെ കൗതുകത്തോടെയാണ് പാശ്ചാത്യ ലോകവും ഏഷ്യയും കാണുന്നത്. റഷ്യയുമായി മികച്ച ബന്ധമുള്ള സൗദിക്ക് വിഷയത്തിൽ നിർണായക ഇടപെടൽ നടത്താനാകുമെന്ന് യുക്രൈൻ കരുതുന്നു. അത് കണ്ടറിഞ്ഞാണ് അദ്ദേഹം ജിദ്ദയിലേക്ക് എത്തിയതും.