ഹൂതികള്‍ക്ക് നേരെ സൗദിയുടെ ആക്രമണം ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ 2 പേര്‍ മരിച്ചു
സഖ്യസേനാ ആക്രമണത്തില്‍ ഇരുന്നൂറിലധികം മരണം
യമനിലെ ഹൂതി വിമതര്‍ക്ക് നേരെ 24 മണിക്കൂറിനിടെ സൗദി സഖ്യസേന നടത്തിയ ആക്രമണത്തില്‍ ഇരുന്നൂറിലേറെ പേരെ വധിച്ചതായി സഖ്യസേന. സൗദിയിലെ ജിസാനിലേക്കും നജ്‌റാനിലേക്കും ഹൂതികള്‍ നടത്തിയ മിസൈലാക്രമണത്തില്‍ രണ്ട് പേരും മരിച്ചു. മിസൈല്‍ പതിച്ച് സൗദി പൗരനും യെമന്‍ സ്വദേശിയുമാണ് കൊല്ലപ്പെട്ടത്.
ജസാനിലെ സാംത പട്ടണത്തിലാണ് യമനിലെ ഹൂതി വിമതര്‍ വിക്ഷേപിച്ച പ്രൊജക്ടൈല്‍ വീണത്. ഇവിടെ യമന്‍, സൗദി സ്വദേശികള്‍ മരിച്ചു. ഒരു വര്‍ക്ക്ഷോപ്പിനും കേടുപാടുകള്‍ സംഭവിച്ചു. നേരത്തെ നജ്റാന്‍ ഗ്രാമത്തില്‍ പ്രൊജക്ടൈല്‍ വീണ് വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. സൗദി മുന്നോട്ട് വെച്ച വെടിനിര്‍ത്തലിനും സമാധാന ചര്‍ച്ചക്കും ഹൂതികള്‍ തയ്യാറായിരുന്നില്ല.
ഇതോടെ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ സൗദിക്ക് പിന്തുണയുമായെത്തിയിരുന്നു. ഇതിനിടെ സൗദിക്ക് നേരെ തുടരെ അന്പതോളം മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ ഹൂതികള്‍ നടത്തി. ഇതിന് ശേഷം സൗദി സഖ്യസേന വ്യാപകമായി ഹൂതി കേന്ദ്രങ്ങള്‍ നശിപ്പിക്കുന്നുണ്ട്. ഒരു മാസത്തിനിടെ രണ്ടായിരത്തിലധികം ഹൂതികളെ വധിച്ചെന്നാണ് സഖ്യസേനാ കണക്ക്. 24 മണിക്കൂറിനിടെ 224 ഹൂതികളെ വധിച്ചു.
നൂറുകണക്കിന് സൗയുധ വാഹനങ്ങളും ആയുധപ്പുരകളും നശിപ്പിച്ചിട്ടുണ്ട്. ഇതിനിടയില്‍ 3 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂതികള്‍ക്കെതിരെ വലിയ സൈനിക നടപടിക്ക് തയ്യാറെടുക്കുകയാണെന്ന് സൗദി സഖ്യസേന പറഞ്ഞു. ഇന്ന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വിശദീകരിക്കും. 2014 മുതല്‍ മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞുള്ള യമനിലെ ആഭ്യന്തരയുദ്ധത്തില്‍ ഇതിനകം 130,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.