സുഡാനിൽ നിന്ന് 29 പേരെ കൂടി രക്ഷപെടുത്തി സൗദി; ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനും സൗകര്യം
സൗദിയുടെ നാവികസേനയുടെ കപ്പലാണ് രക്ഷാ പ്രവർത്തനത്തിന് ഉപയോഗിക്കുന്നത്.
ജിദ്ദ: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്നും സൗദികളേയും വിദേശികളേയും രക്ഷപ്പെടുത്തുന്ന പദ്ധതി സൗദി തുടരുന്നു. കൊറിയൻ അംബാസിഡറും നയതന്ത്ര ഉദ്യോഗസ്ഥരുമടക്കം 29 പേരെ വിമാനത്തിൽ ഇന്ന് ജിദ്ദയിലെത്തിച്ചു. കൂടുതൽ കപ്പലുകൾ ജിദ്ദാ തീരത്തേക്ക് വരുംമണിക്കൂറിലെത്തിയേക്കും. സുഡാനിൽ നിന്നും രക്ഷപ്പെട്ട് സൗദിയിൽ എത്തുന്നവർ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച രക്ഷാ പ്രവർത്തനമാണ് സൗദി തുടരുന്നത്. സൗദിയുടെ നാവികസേനയുടെ കപ്പലാണ് രക്ഷാ പ്രവർത്തനത്തിന് ഉപയോഗിക്കുന്നത്. സുഡാനിലെ സൈനികരും സൗദി സൈന്യവും സഹകരിച്ചാണ് തുറമുഖത്തേക്ക് രക്ഷപ്പെട്ടെത്തുന്നവരെ എത്തിക്കുക. ഇവിടെ നിന്നും നടപടിക്രമം പൂർത്തിയാക്കി കപ്പിലേക്ക് മാറ്റും. 12 മണിക്കൂർ കൊണ്ട് കപ്പലിന് സുഡാനിൽ നിന്നും ജിദ്ദയിലെത്താം. വിമാനത്തിലാണെങ്കിൽ ഒന്നര മണിക്കൂർ മതി.
സുഡാനിലെ വ്യോമ പാതകള്‍ അടച്ചിരിക്കുകയാണ്. ഇതിനാൽ സ്ഥിതിഗതി നിരീക്ഷിച്ചേ ഇന്ത്യൻ വിമാനങ്ങൾക്കും നേരിട്ട് പുറപ്പെടാനാകൂ. സൗദി നാവിക സേനയുടെ കപ്പല്‍ വഴിയാണ് നിരവിൽ സുഡാനിൽ നിന്നുള്ളവരെ രക്ഷിച്ചത്. ഇന്ത്യൻ വ്യോമ സേനയുടെ സി-130ജെ ഇനത്തിലെ രണ്ട് വിമാനങ്ങൾ രക്ഷാപ്രവർത്തനത്തിനായി ജിദ്ദയിലെത്തിയിട്ട് രണ്ട് ദിവസമായി. നാവിക സേനയുടെ ഐഎന്‍എസ് സുമേധ കപ്പലും രക്ഷാദൗത്യത്തിന്റെ ഭാഗമാണ്. എന്നാൽ ഇവ നേരിട്ട് ഇടപെടാൻ പറ്റുന്ന സാഹചര്യം കാത്തിരിക്കുകയാണ്.
സൗദിയുടെ നയതന്ത്ര ബന്ധവും സൈനിക സഹകരണ കരാർ വഴിയുള്ള സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് നിലവിലെ രക്ഷാപ്രവർത്തനം. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ഇപ്പോഴും ഇന്ത്യക്കാരിൽ വലിയൊരു വിഭാഗത്തിനും പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതിയാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു