മഴ ശക്തമാകാൻ സാധ്യത; വിവിധ സൗദി മേഖലകളിൽ സ്‌കൂളുകൾക്ക് തിങ്കളാഴ്ച അവധി
വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ്
മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ സൗദിയുടെ വിവിധ മേഖലകളിൽ സ്‌കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ജിദ്ദ, മക്ക, തായിഫ് എന്നിവിടങ്ങളിലെ യുണിവേഴ്‌സിറ്റികളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എന്നാൽ വിദ്യാർഥികളും അധ്യാപകരും ഓൺലൈൻ ക്ലാസുകളിൽ ഹാജരാകണം. വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
മഴ മുന്നറിയിപ്പിനെ തുടർന്ന് ജിദ്ദയുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ ഇന്നും സ്‌കൂളുകൾക്ക് അവധിയായിരുന്നു. മക്ക മേഖലയിൽ തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിവരെ ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മദീനയിലും റാബഗിലും റിയാദിലും ഇന്ന് മഴ പെയ്തു. ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈകുന്നേരം മുതൽ ഇടിയും മിന്നലും മഴയും ശക്തിമായി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച വരെ ശക്തമായ മഴക്കും മഴവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. തബൂക്ക്, അൽജൗഫ്, ഉത്തര അതിർത്തി പ്രവിശ്യകളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഞ്ഞുവീഴ്ചയും ശക്തമാകും.
Schools in various parts of Saudi Arabia have been declared closed on Monday due to the possibility of heavy rains