50 ലക്ഷം പേർക്ക് ഭക്ഷണം പദ്ധതിയുമായി ശൈഖ ഹിന്ദ് ബിൻത് മക്തൂം
ദുബൈ ഭരണാധികാരിയുടെ ഭാര്യയാണ് ശൈഖ ഹിന്ദ്
ദുബൈ: അമ്പത് ലക്ഷം പേർക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതിയുമായി ദുബൈ ഭരണാധികാരിയുടെ പത്നി ശൈഖ ഹിന്ദ് ബിൻത് മക്തൂം. യു.എ.ഇ ഫുഡ്ബാങ്ക് വഴിയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി ദുബൈയിലെ 350 ഭക്ഷണശാലകളും, അയ്യായിരം സന്നദ്ധ പ്രവർത്തകരുമായി കൈകോർത്ത് പ്രവർത്തിക്കും.
ഹോട്ടലുകളിലും ഭക്ഷണശാലകളിലും മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് യു.എ.ഇ ഫുഡ് ബാങ്ക് വഴി 50 ലക്ഷം പേർക്ക് എത്തിക്കുന്നതാണ ശൈഖ ഹിന്ദ് ബിൻത് മക്തൂമിന്‍റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതി. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. എമിറേറ്റ്‌സ് ഫുഡ് ബാങ്കിൽ ആരംഭിച്ച സംരംഭത്തിൽ 350 ഹോട്ടലുകൾ സഹകരിക്കും. യു.എ.ഇ ഫുഡ് ബാങ്ക് ആരംഭിച്ച ശേഷം ഇതുവരെ 3.5 കോടി പേർക്ക് ഭക്ഷണമെത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
പാഴാകുന്ന ഭക്ഷണത്തിന്‍റെ അളവ് കുറക്കാനും അത് അർഹരിലേക്കെത്തിക്കാനും ലക്ഷ്യമിട്ട് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവിന്‍റെ കീഴിൽ 2017ലാണ് യു.എ.ഇ ഫുഡ് ബാങ്ക് സംരംഭം ആരംഭിച്ചത്. വർഷം മാത്രം ലോകത്തുടനീളമുള്ള 18.6 ദശലക്ഷം പേർക്ക് സംരംഭത്തിലൂടെ ഭക്ഷണമെത്തിച്ചിരുന്നു.