ആഭ്യന്തര തീർഥാടകർക്ക് ഹജ്ജ് രജിസ്ട്രേഷനുള്ള സമയ പരിധി നാളെ അവസാനിക്കും
സൗദിക്കകത്ത് നിന്നും ഈ വർഷം ഹജ്ജ് നിർവഹിക്കാനായി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 4 ലക്ഷം കവിഞ്ഞു
ജിദ്ദ: ആഭ്യന്തര തീർഥാടകർക്ക് ഹജ്ജ് രജിസ്ട്രേഷനുള്ള സമയ പരിധി നാളെ അവസാനിക്കും. നാല് ലക്ഷത്തിലധികം പേർ ഇതു വരെ രജിസ്റ്റര്‍ ചെയ്തതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. രജിസ്ട്രേഷൻ സമയത്ത് ജനന തിയതിയും ഐഡി നമ്പറും ആഭ്യന്തര മന്ത്രാലയത്തിൽ രേഖപ്പെടുത്തിയത് പോലെ തന്നെ നൽകണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. സൗദിക്കകത്ത് നിന്നും ഈ വർഷം ഹജ്ജ് നിർവഹിക്കാനായി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 4 ലക്ഷം കവിഞ്ഞു. ഹജ്ജ്, ഉംറ മന്ത്രാലയ വക്താവ് ഹിഷാം അൽ സഈദ് അറിയിച്ചതാണ് ഇക്കാര്യം. എന്നാൽ ഇതിൽ ഒന്നര ലക്ഷം പേർക്ക് മാത്രമേ ഹജ്ജിന് അനുമതി നൽകുകയുള്ളൂ. ജൂണ് മൂന്ന് മുതലാണ് ആഭ്യന്തര തീർഥാടകർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചത്. ജൂണ് 11 ന് രജിസ്റ്റർ ചെയ്യാനുള്ള സമയ പരിധി അവസാനിക്കുമെന്ന് നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നുവെങ്കിലും, ജൂണ് 12 വരെ നീട്ടിയതായാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ വെബ് സൈറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ലഭിക്കുന്ന എസ്.എം.എസ് സന്ദേശത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. രജിസ്ട്രേഷൻ സമയത്ത് എറർ മെസേജ് വരാതിരിക്കാൻ ഐ.ഡി നമ്പറും ജനന തിയതിയും ആഭ്യന്തര മന്ത്രാലയത്തിൽ രേഖപ്പെടുത്തിയത് പോലെ തന്നെ നൽകണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. അപേക്ഷകർ സ്വദേശികളാണെങ്കിൽ ജനന തിയതി ഹിജ്രി ഫോർമാറ്റിലും, വിദേശികളാണെങ്കിൽ ഗ്രിഗോറിയൻ ഫോർമാറ്റിലോ ഹിജ്രി ഫോർമാറ്റിലോ ആണ് നൽകേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു തവണ രജിസ്റ്റർ ചെയ്ത അപേക്ഷകന് ആദ്യ അപേക്ഷ റദ്ദാക്കാതെ വീണ്ടും രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചാൽ, നേരത്തെ രജിസറ്റർ ചെയ്തിട്ടുണ്ട് എന്ന സന്ദേശം ലഭിക്കില്ലെന്നും, ആദ്യ രജിസ്ട്രേഷൻ റദ്ദാക്കിയ ശേഷം പുതിയ രജിസ്ട്രേഷൻ ശ്രമിക്കാവുന്നതാണെന്നും മന്ത്രാലയം വിശദീകരിച്ചു.