സൗദിയിൽ ഡാമുകളുടെ നിയന്ത്രണം ഇനി ജനറൽ ഇറിഗേഷൻ അതോറിറ്റിക്ക്
നിലവിൽ പരിസ്ഥിതി, കാർഷിക മന്ത്രാലയത്തിനാണ് ചുമതല
റിയാദ്: സൗദി അറേബ്യയിൽ ഡാമുകളുടെ നിയന്ത്രണം ഇനി ജനറൽ ഇറിഗേഷൻ അതോറിറ്റിക്കെന്ന തീരുമാനം പ്രാബല്യത്തിൽ. സൗദിയിലാകെ 564 ചെറുതും വലുതുമായ ഡാമുകളാണുള്ളത്. കാർഷിക ആവശ്യങ്ങൾക്കും കുടിവെള്ളത്തിനുമായും വലിയ രീതിയിൽ ആശ്രയിക്കുന്നത് ഡാമുകളെയാണ്. ഇതിന്റെ ഉത്തരവാദിത്തം നേരത്തെ കാർഷിക പരിസ്ഥിതി മന്ത്രാലയത്തിനായിരുന്നു. ഇനിയത് ഇറിഗേഷൻ അതോറിറ്റി വഹിക്കും. വെള്ളപ്പൊക്ക നിയന്ത്രണം, ജല സംരക്ഷണം എന്നിവ ലക്ഷ്യം വെച്ചാണ് മാറ്റം. ഇന്നലെ റിയാദിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡാമുകളുടെ ചുമതല ഇറിഗേഷൻ അതോറിറ്റിയിലേക്ക് മാറ്റിയ തീരുമാനം പ്രാബല്യത്തിലായി. ഡെപ്യൂട്ടി മന്ത്രി മൻസൂർ അൽ മുഷൈതിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഡാമുകളുടെ നിർമ്മാണം, പ്രവർത്തനം, അറ്റകുറ്റ പണികൾ, ബന്ധപ്പെട്ട ഉപകരണങ്ങൾ എന്നിവയുടെ വികസനത്തിനായി കരാറിലും ഒപ്പു വെച്ചു. ഡാമുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പ് വരുത്തുമെന്നും അധികൃതർ അറിയിച്ചു.