സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയെത്തിയ മലയാളി ഹാജിമാർ നാളെ മുതൽ നാട്ടിലേക്ക് മടങ്ങും
എട്ട് ദിവസത്തെ മദീന സന്ദർശനം പൂർത്തായാക്കി മദീനയിൽ നിന്നാണ് ഹാജിമാർ നാട്ടിലേക്ക് മടങ്ങുന്നത്.
സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനയെത്തിയ മലയാളി ഹാജിമാർ നാളെ മുതൽ നാട്ടിലേക്ക് മടങ്ങും. മൂന്ന് വിമാനങ്ങളിലായാണ് ഹാജിമാർ നാട്ടിലേക്ക് മടങ്ങുന്നത്. ആദ്യ സംഘം വൈകന്നേരം 5.30ന് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങും. 11,556 പേരാണ് ഇത്തവണ കേരളത്തിൽ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനെത്തിയത്. ഇതിൽ 8 പേർ വിവിധ കാരണങ്ങളാൽ മരണപ്പെട്ടു. ശേഷിക്കുന്നവർ ഹജ്ജിന് ശേഷം മദീന സന്ദർശനത്തിനായി പുറപ്പെട്ടിരുന്നു. എട്ട് ദിവസത്തെ മദീന സന്ദർശനം പൂർത്തായാക്കി മദീനയിൽ നിന്നാണ് ഹാജിമാർ നാട്ടിലേക്ക് മടങ്ങുന്നത്.
വ്യാഴാഴ്ച മുതൽ ഹാജിമാരുടെ മടക്കയാത്ര ആരംഭിക്കും. മൂന്ന് വിമാനങ്ങളിലായാണ് ആദ്യ ദിവസം മലയാളി ഹാജിമാർ മടങ്ങുന്നത്. 143 തീർത്ഥാടകരുമായി രാവിലെ 9.30ന് എയർ ഇന്ത്യ എക്സപ്രസിൽ ആദ്യ സംഘം പുറപ്പെടും. ഈ വിമാനം വൈകുന്നേരം 5.35ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങും. രണ്ടാമത്തെ വിമാനം ഉച്ചക്ക് 1.30 നാണ് പുറപ്പെടുക. രാത്രി 8.15ന് കണ്ണൂരിലേക്കാണ് ഹാജിമാരുമായുള്ള മൂന്നാമത്തെ വിമാനം പറന്നുയരുന്നത്. തീർഥാടകരുടെ ലഗേജുകൾ ബുധനാഴ്ച രാവിലെ തന്നെ എയർപോർത്തിൽ എത്തിച്ചിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ തീർഥാടകർ മദീന വിമാനത്താവളത്തിലെത്തി തുടങ്ങും. നാട്ടിൽ മടങ്ങിയെത്തുന്ന ആദ്യ തീർഥാടക സംഘത്തെ കോഴിക്കോട് വിമാനത്താവളത്തിൽ മന്ത്രി വി. അബ്ദുറഹ്മാൻ്റെ നേതൃത്വത്തിൽ സ്വീകരിക്കും. മറ്റു സംസഥാനങ്ങളിൽ നിന്നും ജിദ്ദ വഴി ഹജ്ജിനെത്തിയ തീർഥാടകരും വ്യാഴാച മുതൽ മദീന വിമാനത്താവളം വഴി മടങ്ങിത്തുടങ്ങും. ജൂലൈ 3 മുതൽ ജിദ്ദ വഴി ഹാജിമാർ നാട്ടിലേക്ക് മടങ്ങി തുടങ്ങിയിരുന്നു. ഇത് വരെ 29246 ഹാജിമാർ ജിദ്ദ വഴി നാട്ടിൽ തിരിച്ചെത്തി. 29,694 ഹാജിമാരാണ് ഇപ്പോൾ മദീനയിലുള്ളത്. 8 ദിവസത്തെ സന്ദർശനം പൂർത്തിയാകുന്നതോടെ ഇവരും നാട്ടിലേക്ക് മടങ്ങും