സൗദിയിൽ ഹജ്ജ് സീസണിൽ നിർത്തിവെച്ച ടൂറിസ്റ്റ് വിസകൾ ഓഗസ്റ്റ് മുതൽ ലഭ്യമാകും
ഇന്ത്യക്കാർക്കും ടൂറിസം വിസ ലഭ്യമാക്കുന്ന കാര്യം പരിശോധിക്കുമെന്ന് സൗദി ടൂറിസം മന്ത്രി മീഡിയ വണിനോട് പറഞ്ഞു
റിയാദ്: ഹജ്ജ് സീസണിൽ നിർത്തിവെച്ച ടൂറിസ്റ്റ് വിസകൾ ഓഗസ്റ്റ് മുതൽ ലഭ്യമായി തുടങ്ങുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് അറിയിച്ചു. ഗവൺമെൻറ് കമ്യൂണിക്കേഷൻ സെൻറർ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കാർക്കും ടൂറിസം വിസ ലഭ്യമാക്കുന്ന കാര്യം പരിശോധിക്കുമെന്ന് അദ്ദേഹം മീഡിയ വണിനോട് പറഞ്ഞു.
നിലവിൽ 66 രാജ്യങ്ങൾക്കായി ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നുണ്ട്. ഇ-വിസ സംവിധാനത്തിലൂടെ ലോകത്തിൽ ഏറ്റവും വേഗത്തിൽ വിസ ലഭിക്കുന്ന രാജ്യങ്ങളിലൊന്നായി സൗദി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൂറിസ്റ്റ് വിസയിൽ രാജ്യത്ത് പരമാവധി 90 ദിവസം തങ്ങാനാവും. ഇതിനിടയിൽ ആവശ്യാനുസരണം രാജ്യത്തിന് പുറത്തു പോയി വരുന്നതിനും അനുമതിയുണ്ട്.
ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ പോർട്ടൽ വഴിയോ, സൗദി എയർപോർട്ടിലെ വിസ ഇഷ്യൂവൻസ് ഔട്ട്ലെറ്റുകൾ വഴിയോ ടൂറിസ്റ്റ് വിസകൾ ലഭ്യമാണ്. ടൂറിസം മേഖലക്ക് ഉണർവ് പകരുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മീഡിയവണ്ണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഇന്ത്യക്കാർക്കും ടൂറിസം വിസ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സൗദി ടൂറിസം മന്ത്രാലയത്തിൽ രണ്ടു ഓഫീസുകൾ തുറന്നതായും അദ്ദേഹം മീഡിയവണ്ണിനോട് വ്യക്തമാക്കി.