വിസിറ്റ് വിസയിൽ സൗദിയിലെത്തിച്ച് ഒട്ടകത്തെ മേയ്ക്കാൻ നിശ്ചയിച്ച രണ്ട് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
ഖത്തറിലെ സ്പോൺസർ സന്ദർശക വിസ സംഘടിപ്പിച്ച് ഇരുവരെയും കുവൈത്ത് വഴി സൗദിയിലെത്തിച്ച് മരുഭൂമിയിൽ ഒട്ടകത്തെ നോക്കാൻ നിശ്ചയിക്കുകയായിരുന്നു
വിസിറ്റ് വിസയിൽ സൗദിയിലെത്തിച്ച് മരുഭൂമിയിൽ ഒട്ടകത്തെ മേയ്ക്കാൻ നിശ്ചയിച്ച രണ്ട് ഇന്ത്യക്കാരെ സൗദി സുരക്ഷാ വിഭാഗത്തിന്റെയും ഇന്ത്യൻ എംബസിയുടെയും സഹായത്തോടെ രക്ഷപ്പെടുത്തി. റിയാദിൽ നിന്ന് നാഞ്ഞൂറു കിലോമീറ്റർ അകലെയുള്ള മരൂഭൂമിയിൽ വെച്ചാണ് രാജസ്ഥാൻ, ഗുജറാത്ത് സ്വദേശികളായ രണ്ടുപേരെ മലയാളി സാമൂഹ്യ പ്രവർത്തകൻ ഇടപെട്ട് പുറത്തെത്തിച്ചത്.
വീട്ടിലെ പ്രാരാബ്ദം മാറ്റാൻ ഖത്തറിൽ തൊഴിൽ വിസയിൽ ജോലിക്കെത്തിയതാണ് രാജസ്ഥാൻ സ്വദേശി സുനിൽ ദാമോറും ഗുജറാത്ത് സ്വദേശി സാബിറലിയും. എന്നാൽ സ്പോൺസർ സൗദി സന്ദർശക വിസ സംഘടിപ്പിച്ച് ഇരുവരെയും കുവൈത്ത് വഴി സൗദിയിലെത്തിച്ച് മരുഭൂമിയിൽ ഒട്ടകത്തെ നോക്കാൻ നിശ്ചയിക്കുകയായിരുന്നു. മൂന്ന് വർഷമായി ഇവർ ഈ മരുഭൂമിയിൽ അകപ്പെട്ടിട്ട്. സ്പോൺസർ എത്തിക്കുന്ന ലഘുഭക്ഷണവും വെള്ളവും മാത്രമാണ് ആശ്രയം. വിവരമറിഞ്ഞ കെ.എം.സി.സി സന്നദ്ധ പ്രവർത്തകൻ സിദ്ധീഖ് തുവ്വൂരാണ് എംബസിയെയും ഒപ്പം സൗദി പൊലീസിനെയും പരാതിയിലൂടെ വിവരം ധരിപ്പിച്ചത്. തുടർന്ന് അധികൃതരുടെ സഹായത്തോടെ ഇവർ ജോലി ചെയ്ത ഖറിയത്തുൽ ഉലയ്യയിലെ മരുഭൂമിയിലെത്തി മോചിപ്പിക്കുകയായിരുന്നു.
ഇരുവരെയും സ്പോൺസർ ഒളിച്ചോട്ടത്തിൽ പെടുത്തിയതിനാൽ നടപടികൾക്കായി നാട് കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. ഇവർക്ക് ശമ്പളവും നൽകിയിട്ടില്ല. ഇതിനായി ലേബർ കോടതിയിലും പരാതി നൽകിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി ശമ്പളകുടിശ്ശിക കൂടി ലഭ്യമാക്കി ഇരുവരെയും എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് സിദ്ധീഖ് തുവ്വൂർ പറഞ്ഞു.