കേളി കലാസാംസ്കാരിക വേദിയുടെ വസന്തം സംഗമം റിയാദിൽ; വിവിധ കലാ പരിപാടികൾ അരങ്ങേറി
ഉദ്ഘാടന സമ്മേളനത്തിൽ കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. വിവിധ കലാ കായിക പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു
റിയാദ്: റിയാദിലെ കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ വസന്തം എന്ന് പേരിട്ട സംഗമത്തിന് തുടക്കമായി. ഉദ്ഘാടന സമ്മേളനത്തിൽ കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. വിവിധ കലാ കായിക പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള 'വസന്തം 2023'ന്റെ ആദ്യ ഘട്ടമാണ് വിവിധ കലാപരിപാടികളോടെ വിപുലമായി ആഘോഷിച്ചത്. റിയാദ് എക്സിറ്റ് 18ലെ അൽ വലീദ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടികൾ. രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി ആമുഖ പ്രഭാഷണം നടത്തി. ക്ഷാധികാരി സമിതി അംഗം ടി.ആർ സുബ്രഹ്മണ്യൻ മുഖ്യ പ്രഭാഷണം നടത്തി.
കേന്ദ്രകമ്മറ്റി അംഗങ്ങൾ, കുടുംബവേദി അംഗങ്ങൾ, വിവിധ ഏരിയയിൽനിന്നുള്ള പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കാളികളായി. വിപ്ലവ ഗാനങ്ങൾ, നാടൻ പാട്ടിന്റെ ദൃശ്യാവിഷ്‌ക്കാരം, സൂഫി നൃത്തം തുടങ്ങി കേരളത്തിലെ 14 ജില്ലയിലെ കലാരൂപങ്ങൾ കോർത്തിണക്കി ഒരുക്കിയ കേരളീയം പരിപാടിയും അരങ്ങേറി. സുരേഷ് കണ്ണപുരം, സുരേന്ദ്രൻ കൂട്ടായ്, സീബ കൂവോട്, സെബിൻ ഇഖ്ബാൽ സുരേഷ് ലാൽ എന്നിവർ സംസാരിച്ചു. വസന്തം 2023ന്റെ രണ്ടാം ഘട്ടത്തിൽ വിവിധ കായിക പരിപാടികൾ വരും ദിവസങ്ങളിൽ അരങ്ങേറുമെന്ന് സംഘാടകസമിതി അറിയിച്ചു.