തീർഥാടകർക്ക് ജിദ്ദയിൽനിന്ന് മക്കയിലെത്താൻ എയർ ടാക്‌സി സംവിധാനവുമായി സൗദി

100 ലിലിയം ജെറ്റുകൾ വാങ്ങാൻ ജർമൻ കമ്പനിയുമായി സൗദി എയർലൈൻസ് കരാർ ഒപ്പുവച്ചു.

Update: 2024-01-13 16:30 GMT
Advertising

റിയാദ്: സൗദിയിലെത്തുന്ന തീർഥാടകർക്ക് ജിദ്ദയിൽനിന്ന് മക്കയിലേക്കെത്താൻ എയർ ടാക്സി സംവിധാനം ആരംഭിക്കുന്നു. ജിദ്ദ വിമാനത്താവളത്തിൽനിന്ന് മസ്ജിദുൽ ഹറമിലേക്കും മക്കയിലെ മറ്റു പുണ്യസ്ഥലങ്ങളിലേക്കും എയർ ടാക്സികൾ സർവിസ് നടത്തും. ഇതിനായി 100 ലിലിയം ജെറ്റുകൾ വാങ്ങാൻ ജർമൻ കമ്പനിയുമായി സൗദി എയർലൈൻസ് കരാർ ഒപ്പുവച്ചു.

രാജ്യത്ത് വരും വർഷങ്ങളിൽ ഇലക്ട്രിക്ക് എയർ ടാക്സികൾ സർവീസ് ആരംഭിക്കുമെന്ന് സൗദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഹജ്ജ് ഉംറ തീർഥാടകർക്ക് വേണ്ടിയും എയർ ടാക്സി സർവീസ് ആരംഭിക്കാൻ സൗദി പദ്ധതിയിടുന്നത്. ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ഇറങ്ങുന്ന തീർഥാടകരേയും വഹിച്ച് മസ്ജിദുൽ ഹറമിനോടും മറ്റു പുണ്യസ്ഥലങ്ങളോടും ചേർന്നുള്ള ഹോട്ടലുകളിലും ഹെലിപാഡുകളിലും എയർ ടാക്സികൾ ഇറങ്ങും വിധമാണ് ഓപറേഷൻ ക്രമീകരിക്കുക. ഇത്തരത്തിൽ സർവീസ് നടത്തുന്ന ഒരു ഇവിടോൾ(eVTOL) വിമാനത്തിൽ ആറ് പേർക്ക് യാത്ര ചെയ്യാന് സാധിക്കും. ഒറ്റ ചാർജിങ്ങിൽ പരമാവധി 200 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ള ഇലക്ട്രിക് ബാറ്ററിയാണ് ഇതിനുണ്ടാവുക.

രാജ്യത്തെത്തുന്ന തീർഥാടകർക്ക് ലോകോത്തര സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് എയർ ടാക്സി സംവിധാനം നിലവിൽ വരുന്നത്. സർവീസ് തുടങ്ങാനുള്ള പെർമിറ്റ് ഉടൻ സ്വന്തമാക്കുമെന്നും എയർലൈൻ വക്താക്കൾ വ്യക്തമാക്കി. കഴിഞ്ഞ വർഷം 20 ലക്ഷം ഹജ്ജ് തീർഥാടകരും 1.35 കോടി ഉംറ തീർഥാടകരുമാണ് രാജ്യത്തെത്തിയത്. തീർഥാടന സമയങ്ങളിലെ ഗതാഗതം എളുപ്പമാക്കാൻ എയർ ടാക്സി സേവനത്തിലൂടെ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News