ഷാർജയിൽ ഇനി ഗോതമ്പ് വിളയും; 400 ഹെക്ടർ പാടത്ത് ഭരണാധികാരി വിത്തിറക്കി
നാലുമാസത്തിനകം ആദ്യ വിളവെടുപ്പ്
ഷാർജയിലെ മരുഭൂമിയിൽ ഇനി ഗോതമ്പ് വിളയും. മലീഹയിലെ 400 ഹെക്ടർ പാടത്ത് ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമി ഗോതമ്പ് കൃഷിക്ക് വിത്തിറക്കി. ഷാർജയുടെ ഗോതമ്പ് ഉൽപാദന പദ്ധതിയുടെ ആദ്യ ഘട്ടമാണിത്. മലീഹയിലെ ഗോതമ്പ് പാടത്ത് വിത്തിറക്കിയ ഷാർജ ഭരണാധികാരി 400 ഹെക്ടർ സ്ഥലത്തെ വിപുലമായ ജനസേചന സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമവും നിർവഹിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കാലാവസ്ഥക്ക് യോജിച്ചവിധം വെള്ളമെത്തിക്കുന്ന ജലസേചന സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്.
നാലുമാസത്തിനകം ഇവിടെ ആദ്യ വിളവെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർഷകർക്ക് സൗജന്യ നിരക്കിൽ വൈദ്യുതിയും, വെള്ളവും ഭരണാധികാരി വാഗ്ദാനം ചെയ്തു. മാരകമായ രാസകീടനാശിനികൾ ഒഴിവാക്കി കൃഷി നടത്തുന്നതിന് സാങ്കേതിക സഹായവും ഉറപ്പാക്കിയിട്ടുണ്ട്. 2024 ൽ ഗോതമ്പ് കൃഷി 880 ഹെക്ടറിലേക്കും 2025 ൽ 1400 ഹെക്ടറിലേക്കും വ്യാപിപ്പിക്കും.
ഷാർജ എമിറേറ്റിലേക്ക് ആവശ്യമായി വരുന്ന ഗോതമ്പ് ഇറക്കുമതിയുടെ തോത് കുറക്കാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വർഷം 1.7 ദശലക്ഷം മെട്രിക് ടൺ ഗോതമ്പാണ് യു എ ഇയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇതിൽ മൂന്ന് ലക്ഷത്തി മുപ്പതിനായിരം മെട്രിക്ക് ടൺ ഷാർജയിലേക്ക് മാത്രമാണെന്നും ഡോ. ശൈഖ് സുൽത്താൻ ചുണ്ടിക്കാട്ടി.