കുവൈത്ത് തീപിടിത്തകാരണം ഷോർട്ട് സർക്യൂട്ട്
തീപിടിത്തത്തിൽ 45 ഇന്ത്യക്കാരടക്കം 49 പേരാണ് മരിച്ചത്. 50ലധികം പേർക്ക് പരിക്കേറ്റിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്ത് മംഗഫിലെ കെട്ടിടത്തിന് തീപിടിക്കാൻ കാരണം ഷോർട്ട് സർക്യൂട്ടെന്ന് കണ്ടെത്തൽ. സാങ്കേതിക പരിശോധനയും അന്വേഷണവും പൂർത്തിയായതിന് പിന്നാലെയാണ് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ജനറൽ ഫയർഫോഴ്‌സ് വിഭാഗം അറിയിച്ചത്.
സാക്ഷികളിൽ നിന്നുള്ള വിവരശേഖരണം കഴിഞ്ഞദിവസം പൂർത്തിയാക്കിയതായും അന്വേഷണ സംഘം അറിയിച്ചു. താഴത്തെ നിലയിലെ ഗാർഡ് റൂമിലാണ് തീപിടിത്തമുണ്ടായത്. ഇത് സാങ്കേതിക പരിശോധനയിൽ നിന്ന് വ്യക്തമായതായും അധികൃതർ അറിയിച്ചു.
തീപിടിത്തത്തിൽ 45 ഇന്ത്യക്കാരടക്കം 49 പേരാണ് മരിച്ചത്. 50ലധികം പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം പുലർച്ചെ 4.05ഓടെയാണ് കുവൈത്തിലെ മലയാളി ഉടമസ്ഥതയിലുള്ള എൻബിടിസി ഗ്രൂപ്പിന്റെ ലേബർ ക്യാമ്പിൽ തീപിടിത്തമുണ്ടായത്. തൊഴിലാളികൾ ഉറങ്ങിക്കിടക്കവെയായിരുന്നു അപകടം.
23 മലയാളികളുടെ മരണമാണ് സ്ഥിരീകരിച്ചത്. പത്തനംതിട്ട സ്വദേശികളായ സിബിൻ എബ്രഹാം, മുരളീധരൻ നായർ, ആകാശ് ശശിധരൻ നായർ, സാജു വർഗീസ്, തോമസ് ചിറയിൽ ഉമ്മൻ, കണ്ണൂർ സ്വദേശികളായ വിശ്വാസ് കൃഷ്ണൻ, നിതിൻ, അനീഷ് കുമാർ, കൊല്ലം സ്വദേശികളായ സുമേഷ് സുന്ദരൻ പിള്ള, ലൂക്കോസ്, സാജൻ ജോർജ്, ഷമീർ ഉമറുദ്ദീൻ, കോട്ടയം സ്വദേശികളായ ശ്രീഹരി പ്രദീപ്, സ്റ്റെഫിൻ എബ്രഹാം സാബു, ഷിബു വർഗീസ്, മലപ്പുറം സ്വദേശികളായ ബാഹുലേയൻ, നൂഹ്, തിരുവനന്തപുരം സ്വദേശികളായ ശ്രീജേഷ് തങ്കപ്പൻ നായർ, അരുൺ ബാബു, കാസർകോട് സ്വദേശികളായ രഞ്ജിത്, കേളു പൊൻമലേരി, ആലപ്പുഴ സ്വദേശിയായ മാത്യു തോമസ്, തൃശൂർ സ്വദേശിയായ ബിനോയ് തോമസ് എന്നിവരാണ് മരിച്ച മലയാളികൾ.