40 ദിവസത്തിനിടെ ദോഹ എക്‌സ്‌പോ സന്ദർശിച്ചത് ആറര ലക്ഷം പേർ
വിവിധ രാജ്യങ്ങളുടെ കാർഷിക, പരിസ്ഥിതി സംരക്ഷണ പദ്ധതികൾ അറിയാനും സാംസ്‌കാരിക പൈതൃകങ്ങൾ മനസിലാക്കാനുമായി നിരവധി പേർ എത്തുന്നുണ്ട്
ദോഹ: മിഡിലീസ്റ്റിൽ ആദ്യമായി എത്തിയ ദോഹ എക്‌സ്‌പോ ഇതുവരെ സന്ദർശിച്ചത് ആറര ലക്ഷം പേർ. ഒക്ടോബർ രണ്ടിനാണ് എക്‌സ്‌പോ തുടങ്ങിയത്.
മധ്യപൂർവേഷ്യയിൽ ആദ്യമായി വിരുന്നെത്തിയ അന്താരാഷ്ട്ര ഹോർടികൾചറൽ എക്‌സ്‌പോയെ സ്വദേശികളും, പ്രവാസികളും ഏറ്റെടുത്തെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 40 ദിവസം പിന്നിടുമ്പാൾ ആറര ലക്ഷം പേർ എക്‌സ്‌പോ വേദി സന്ദർശിച്ചു. ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി' എന്ന പ്രേമയത്തിൽ തുടരുന്ന ദോഹ എക്‌സ്‌പോയിലേക്ക് സ്‌കൂൾ വിദ്യാർഥികൾ, വിദേശ സന്ദർശകർ, പരിസ്ഥിതി പ്രവർത്തകർ, പഠിതാക്കൾ ഉൾപ്പെടെ നിരവധിപേരാണ് സന്ദർശകരായി എത്തുന്നത്.
വിവിധ രാജ്യങ്ങളുടെ കാർഷിക, പരിസ്ഥിതി സംരക്ഷണ പദ്ധതികൾ അറിയാനും സാംസ്‌കാരിക പൈതൃകങ്ങൾ മനസിലാക്കാനുമായി നിരവധി പേർ എത്തുന്നുണ്ട്. മാർച്ച് 28വരെ നീണ്ടു നിൽക്കുന്ന എക്‌സ്‌പോയുടെ ഭാഗമായുള്ള പവലിയനുകളിൽ 80 ശതമാനത്തിലേറെയും ഇതിനകം തുറന്നു കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി. വരും മാസങ്ങളിലായി മറ്റു രാജ്യങ്ങളുടെ പവലിയനുകളും തുറക്കും.