ഷാർജ ലേബർ ക്യാമ്പുകളിൽ ലൈബ്രറികളുടെ എണ്ണം 45 ആയി
ലേബർ സ്റ്റാൻഡേർഡ്ഡവലപ്മെൻറ് അതോറിറ്റിയാണ് പത്ത് ലേബർ ക്യാമ്പുകളിലായി ലൈബ്രറിക്ക് രൂപം നൽകിയത്
ദുബൈ: ഷാർജയിൽ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ വായനക്ക് സംവിധാനം ഒരുക്കി അധികൃതർ. ലേബർ സ്റ്റാൻഡേർഡ്ഡവലപ്മെൻറ് അതോറിറ്റിയാണ് പത്ത് ലേബർ ക്യാമ്പുകളിലായി ലൈബ്രറിക്ക് രൂപം നൽകിയത്. തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പു വരുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് നടപടി.
ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിലെ പത്തിടങ്ങളിലാണ് ലൈബ്രറി ഒരുക്കിയത്. ഇതോടെ ലേബർ ക്യാമ്പുകളിൽ രൂപം നൽകിയ ലൈബ്രറികളുടെ എണ്ണം 45 ആയി ഉയർന്നു. വിവിധ ഭാഷകളിലായി നൂറുകണക്കിന് പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്. കൂടുതൽ ലൈബ്രറികൾ നിർമിക്കാൻ നടപടി തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. ഷാർജ കേന്ദ്രമായുള്ള അതിരുകളില്ലാത്ത സംസ്കാരം എന്ന കൂട്ടായ്മയുമായി സഹകരിച്ചാണ് ലൈബ്രറിക്ക് രൂപം നൽകിയത്. എല്ലാ ലേബർ ക്യാമ്പുകളിലും മികച്ച ലൈബ്രറി എന്ന ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസ്മിയുടെ കാഴ്ചപ്പാടിൻെറ പ്രയോഗവത്കരണം കൂടിയാണിത്. തൊഴിലിടങ്ങളിലും താമസ കേന്ദ്രങ്ങളിലും മെച്ചപ്പെട്ട സാഹചര്യം പ്രദാനം ചെയ്യാൻ നിരവധി കർമപരിപാടികളാണ് ഷാർജ ആവിഷ്കരിച്ചു വരുന്നത്.