യു.എ.ഇ സമ്പദ്ഘടന വളരുന്നു; വിമാന കമ്പനികൾക്കു പിന്നാലെ ബാങ്കുകൾക്കും നേട്ടം
ചെലവ് നിയന്ത്രിച്ചതും നിഷ്ക്രിയ ആസ്തികളുടെ മൂല്യം കുറച്ചതും ബാങ്കുകൾക്ക് തുണയായി മാറി
ദുബൈ: സാമ്പത്തികനേട്ടം ഉറപ്പാക്കി യു.എ.ഇ ബാങ്കുകൾ. 35 ശതമാനം വരെയാണ് പ്രമുഖ ബാങ്കുകളുടെ ലാഭവർധന. ചെലവ് നിയന്ത്രിച്ചതും നിഷ്ക്രിയ ആസ്തികളുടെ മൂല്യം കുറച്ചതും ബാങ്കുകൾക്ക് തുണയായി മാറി. യു.എ.ഇവിമാന കമ്പനികളും വൻ വരുമാനനേട്ടത്തിലാണ്
നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ യു.എ.ഇയിലെ 10 ബാങ്കുകളുടെ ലാഭവിഹിതത്തിലാണ് വൻവർധന. മാർച്ച് 31ന് തീർന്ന ത്രൈമാസത്തിൽ 18.3 ശതകോടിയായാണ് ലാഭവർധന. ആഗോള പ്രഫഷണൽ സർവീസ് കമ്പനിയായ അൽവാരസ് ആൻഡ് മർസൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത് . രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും സുസ്ഥിര വ്യവസായ സാഹചര്യവും ബാങ്കുകൾക്ക് ഗുണം ചെയ്തു. വായ്പാ വളർച്ച മറികടന്ന്, ഇൻക്രിമെന്റൽ നിക്ഷേപം വർധിച്ചതും അപ്രധാന മേഖലകളിൽ നിന്നുള്ള വരുമാനനേട്ടവും ബാങ്കുകൾക്ക് സഹായകമായി. വായ്പയും മുൻകൂർ പണമിടപാടുകളും 2.0 ശതമാനം വർധിച്ചു. നിക്ഷേപത്തിൽ 6.2 ശതമാനമാണ് വർധന. ബാങ്കുകളുടെ
മൊത്തം പലിശ വരുമാനം 2.8 ശതമാനം തന്നെയായി തുടർന്നു. നിഷ്ക്രിയ വായ്പക്കൊപ്പം മൊത്തം ആസ്തിമൂല്യം 16 ബേസിക് പോയിന്‍റ് വർധിച്ച് 5.4 ശതമാനത്തിലെത്തി. യു.എ.ഇ സെൻട്രൽ ബാങ്കിന്‍റെ കണക്കുപ്രകാരം നടപ്പുവർഷം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ 3.9 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് വിലയിരുത്തൽ.