മരണമുനമ്പില്‍ ദൈവം; വധശിക്ഷക്ക് തൊട്ടുമുന്‍പ് പ്രതിക്ക് മാപ്പു നൽകി കൊല്ലപ്പെട്ടയാളുടെ പിതാവ്

വൻ തുകയുൾപ്പെടെ നിരവധി വാഗ്ദാനങ്ങൾ നിരസിച്ചുകൊണ്ടാണ് പ്രതിക്ക് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് മാപ്പ് നൽകിയത്

Update: 2023-10-03 19:27 GMT
Editor : abs | By : Web Desk
Advertising

റിയാദ്: സൗദിയിൽ വധശിക്ഷക്ക് മിനുട്ടുകൾക്ക് മുമ്പ്  കൊല്ലപ്പെട്ടയാളുടെ കുടുംബം പ്രതിക്ക് മാപ്പ് നൽകി. തബൂക്കിൽ അഞ്ച് വർഷം മുമ്പ് നടന്ന കൊലപാതക കേസിലാണ് വധശിക്ഷ ഒഴിവായത്. വൻ തുകയുൾപ്പെടെ നിരവധി വാഗ്ദാനങ്ങൾ നിരസിച്ചുകൊണ്ടാണ് പ്രതിക്ക് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് മാപ്പ് നൽകിയത്. 

സൗദിയില തബൂക്കിൽ അഞ്ച് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുത്വൈർ അൽ അത്വൈവിയെന്ന സൌദി പൌരൻ്റെ മകനും മറ്റൊരു സ്വദേശി യുവാവും തമ്മിലുണ്ടായ വാക്കേറ്റം, മുത്വൈർ അൽ അത്വൈവിയുടെ മകൻ്റെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് മകൻ്റെ ഘാതകന് പരമാവധി ശിക്ഷ ലഭിക്കാനായി മുത്വൈർ നിയമനടപടികളുമായി മുന്നോട്ട് പോയി. പ്രതിക്ക് വധശിക്ഷ വിധിച്ച കോടതി വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചു.

ഇതോടെ പ്രതിക്ക് മാപ്പ് നൽകണമെന്നാവശ്യപ്പെട്ട് പ്രതിയുടെ കുടുംബം നിരവധി തവണ കൊല്ലപ്പെട്ട യുവാവിൻ്റെ കുടുംബത്തെ സമീപിച്ചു. വൻ തുകയുൾപ്പെടെ നിരവധി വാഗ്ധാനങ്ങളും നൽകി. എന്നാൽ പ്രതിക്ക് ശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തിൽ കൊല്ലപ്പെട്ട യുവാവിൻ്റെ പിതാവ് ഉറച്ച് നിൽക്കുകയായിരുന്നു. പിന്നീട് നിവധി പൗരപ്രമുഖരും മധ്യസ്ഥശ്രമങ്ങളുമായി മുന്നോട്ട് വന്നെങ്കിലും കൊല്ലപ്പെട്ടയാളുടെ പിതാവ് തീരുമാനത്തിൽ നിന്ന് പിന്മാറാനോ പ്രതിക്ക് മാപ്പ് നൽകാനോ തയ്യാറായില്ല. ഒടുവിൽ പ്രതിക്ക് വധശിക്ഷ നടപ്പിലാക്കാൻ അധികൃതർ ഉത്തരവിട്ടു.

ശിക്ഷ നടപ്പിലാക്കുന്നതിനായി തബൂക്കിലെ അൽ ഖിസാസ് സ്ക്വയറിൽ പ്രതിയെ കൊണ്ടുവന്നു. ഇരു കുടുംബങ്ങളും പൌരപ്രമുഖരും നാട്ടുകാരും ഇവിടെ എത്തിയിരുന്നു. പ്രതിയുടെ വധശിക്ഷ നടപ്പിലാക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായി. എന്നാൽ ശിക്ഷ നടപ്പിലാക്കുന്നതിന് തൊട്ട് മുമ്പ് കൊല്ലപ്പെട്ടയാളുടെ പിതാവ് പ്രതിക്ക് മാപ്പു നൽകുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. കൂടി നിന്നവരെല്ലാ തഖ്ബീർ മുഴക്കി കൊണ്ട് അഥവാ ദൈവത്തെ പ്രകീർത്തിച്ചുകൊണ്ടാണ് ആ പ്രഖ്യാപനത്തെ സ്വീകരിച്ചത്. കൂടാതെ അദ്ദേഹത്തിൻ്റെ അനുകമ്പയെ പ്രശംസിക്കുകയും ചെയ്തു.

വികാര നിർഭരമായ സംഭവങ്ങളായിരുന്നു പിന്നീട് നടന്നത്. പ്രതിയുടെ കുടുംബം മുത്വൈറിനോട് നന്ദി അറിയിക്കുകയും അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.ദൈവം തൻ്റെ ഹൃദയത്തിൽ സമാധാനവും അനുകമ്പയും നിറച്ചു. അതിനാൽ ഞാൻ ദൈവത്തെ ഓർത്ത് പ്രതിക്ക് മാപ്പ് നൽകാൻ തീരുമാനിക്കുകയാിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശിക്ഷ നടപ്പിലാക്കുന്ന സ്ഥലത്തേക്ക് പോകുന്നത് വരെ പിതാവിന് ഇങ്ങിനെ ഒരു തീരുമാനം ഉണ്ടായിരുന്നില്ലെന്നും സംഭവ സ്ഥലത്ത് വെച്ചാണ് പിതാവിന് മനം മാറ്റം ഉണ്ടായതെന്നും കൊല്ലപ്പെട്ട യുവാവിൻ്റെ സഹോദരനും പ്രതികരിച്ചു.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News