ശ്വാസകോശ അർബുദം: പുതിയ മരുന്നിന് യുഎഇയുടെ അംഗീകാരം
പുതുതായി വികസിപ്പിച്ച ലുമക്രാസ് മരുന്നിന് യുഎഇ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയത്
ശ്വാസകോശ അർബുദ ചികിത്സയ്ക്ക് പുതുതായി വികസിപ്പിച്ച ലുമക്രാസ് മരുന്നിന് യുഎഇ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. യുഎസിനുശേഷം മരുന്നിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമാണ് യുഎഇ.
ഗുളികരൂപത്തിലുള്ള വായിലൂടെ കഴിക്കുന്ന ഈ മരുന്ന് ഒരു കാൻസർ തെറാപ്പി കഴിഞ്ഞ പ്രായപൂർത്തിയായ രോഗികൾക്കാണ് നൽകുക. നേരത്തെ കോവിഡിനെതിരായ സൊട്രോവിമാബ് മരുന്നിന് ലോകത്താദ്യമായി യുഎഇ അംഗീകാരം നൽകിയിരുന്നു. രാജ്യത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടിൽനിന്നുകൊണ്ടാണ് മരുന്നിന് അംഗീകാരം നൽകിയതെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറിയും എമിറേറ്റ്‌സ് ആരോഗ്യ സേവനവിഭാഗം തലവനുമായ ഡോ. മുഹമ്മദ് സാലിം അൽ ഉലമ പറഞ്ഞു.
അർബുദ രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സാമാർഗങ്ങളും ആരോഗ്യ പരിരക്ഷയും നൽകുന്നതിൽ പുരോഗതി കൈവരിക്കുന്നതിനായി ആഗോള ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായുള്ള പങ്കാളിത്തം വർധിപ്പിക്കാൻ മന്ത്രാലയം ശ്രദ്ധിക്കുന്നുണ്ടെന്നും ഡോ. മുഹമ്മദ് സാലിം അൽ ഉലമ കൂടിച്ചേർത്തു. ആരോഗ്യ സംവിധാനങ്ങളുടെ ഭാരം ലഘൂകരിക്കാനും ഗുരുതര കേസുകളുടെ എണ്ണം കുറക്കാനും പുതിയ മരുന്ന് സഹായിക്കും. ശ്വാസകോശ അർബുദം ബാധിച്ച രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും വിദേശ ചികിത്സയുടെ ആവശ്യകത കുറയ്ക്കാനും ഇത് ഉപകരിക്കും. മരുന്നിന്റെ അംഗീകാരവും രജിസ്‌ട്രേഷനും കൃത്യമായ പഠനത്തിനും പരിശോധനയ്ക്കുംശേഷമാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.