100 അഫ്ഗാനി വിദ്യാർത്ഥിനികൾക്ക് ദുബൈയിൽ മികച്ച വിദ്യാഭ്യാസ സൗകര്യമൊരുക്കും
സർവ്വകലാശാലകളിൽ വിദ്യാർത്ഥിനികൾക്ക് താലിബാൻ പഠനം നിഷേധിച്ചതോടെയാണ് പുതിയ പ്രഖ്യാപനം
100 ഓളം അഫ്ഗാനി വിദ്യാർത്ഥിനികൾക്ക് ദുബൈയിൽ മികച്ച വിദ്യാഭ്യാസ സൗകര്യമൊരുക്കാനൊരുങ്ങി വ്യവസായി. യു.എ.ഇയിലെ ശതകോടീശ്വരൻ ഖലഫ് അൽ ഹബ്തൂർ ആണ് വിദ്യാർത്ഥിനികൾക്ക് മുഴുവൻ സഹായവും വാഗ്ദാനം ചെയ്തിരിക്കുന്നത്.
അഫ്ഗാനിലെ സർവ്വകലാശാലകളിൽ വിദ്യാർത്ഥിനികൾക്ക് താലിബാൻ പഠനം നിഷേധിച്ചതോടെയാണ് ഈ പുതിയ പ്രഖ്യാപനം.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അഫ്ഗാനിസ്ഥാനിലെ സർവ്വകലാശാലകളിൽ വിദ്യാർത്ഥിനികൾക്ക് പഠനസൗകര്യം ഉണ്ടായിരിക്കില്ലെന്ന് കാബൂളിലെ താലിബാൻ സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയായിരുന്നു. വിദ്യാർത്ഥിനികളെ വിലക്കിക്കൊണ്ടുള്ള താലിബാന്റെ പുതിയ തീരുമാനത്തെ യു.എ.ഇ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ അപലപിച്ചിരുന്നു.
താലിബാന്റെ വിലക്കിൽ അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ തയീബിന്റെ അധ്യക്ഷതയിലുള്ള മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്സും ആശങ്ക പ്രകടിപ്പിച്ചു.