എയർഇന്ത്യ എക്സ്പ്രസ് ദുബൈ-കണ്ണൂർ സർവീസ് നവംബർ ഒന്ന് മുതൽ
ആദ്യദിനങ്ങളിൽ 300 ദിർഹം നിരക്കിൽ ദുബൈയിൽ നിന്ന് കണ്ണൂരിലേക്ക് ടിക്കറ്റ് ലഭിക്കും
ദുബൈയിൽ നിന്ന് കണ്ണൂരിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നു. നവംബർ ഒന്ന് മുതൽ ആഴ്ചയിൽ നാല് ദിവസമാണ് സർവീസ്. ആദ്യദിനങ്ങളിൽ 300 ദിർഹം നിരക്കിൽ ദുബൈയിൽ നിന്ന് കണ്ണൂരിലേക്ക് ടിക്കറ്റ് ലഭിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.
നവംബർ ഒന്ന് മുതൽ ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്ക് പറക്കുക. വൈകുന്നേരം യു എ ഇ സമയം 6:40 ന് പുറപ്പെടുന്ന IX 748 വിമാനം കണ്ണൂരിൽ ഇന്ത്യൻ സമയം 11: 50 ന് എത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ആദ്യദിവസങ്ങളിൽ 300 ദിർഹം ടിക്കറ്റ് നിരക്ക്, അഞ്ച് കിലോ അധികബാഗേജ് എന്നീ ആനുകൂല്യങ്ങളും വിമാനകമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിൽ തിരിച്ച് IX 747 വിമാനം തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 12.50 പുറപ്പെടും. ദുബൈയിൽ പുലർച്ചെ 3.15 ന് എത്തും.
നിലവിൽ ദുബൈയിൽ നിന്ന് കണ്ണൂരിലേക്ക് ഗോഫസ്റ്റ് വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. ദുബൈ-കണ്ണൂർ സർവീസിന് പുറമെ ആന്ധ്രാപ്രദേശിലെ വിജവാഡയിലേക്ക് ഷാർജയിൽ നിന്ന് പുതിയ സർവീസും എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈമാസം 31 മുതൽ തിങ്കൾ, ശനി ദിവസങ്ങളിലായിരിക്കും ഷാർജ-വിജവാഡ സർവീസ്. യു എ ഇയിൽ നിന്ന് വിജയവാഡയിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ആദ്യ വിമാനകമ്പനിയാണ് തങ്ങളെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വാർത്താകുറിപ്പിൽ പറഞ്ഞു. രാവിലെ 11 നാണ് വിജയവാഡ വിമാനം ഷാർജയിൽ നിന്ന് പുറപ്പെടുക.