വേനൽകാല ഷെഡ്യൂൾ നാളെ മുതൽ; എയർ ഇന്ത്യ പല സർവീസുകളും നിർത്തലാക്കും
എയർ ഇന്ത്യയുടെ കോഴിക്കോട്, ഷാർജ, ദുബൈ സർവീസുകൾ നാളെ മുതലുണ്ടാവില്ല
എയർ ഇന്ത്യയുടെ കോഴിക്കോട് ഷാർജ, ദുബൈ സർവീസുകൾ ഉൾപ്പെടെ നിരവധി സർവീസുകൾ നാളെ മുതൽ നിർത്തലാക്കും. വിമാനകമ്പനികൾ നാളെ വേനൽകാല ഷെഡ്യൂളിലേക്ക് മാറുന്നതിനാൽ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ യാത്രാസമയത്തിൽ വന്ന മാറ്റങ്ങൾ പരിശോധിക്കണമെന്ന് വിമാനകമ്പനികൾ നിർദേശം നൽകി.
എയർ ഇന്ത്യയുടെ കോഴിക്കോട്, ഷാർജ, ദുബൈ സർവീസുകളും നാളെ മുതലുണ്ടാവില്ല. ഇന്ന് ഉച്ചക്ക് 1.10 ന് ദുബൈയിൽ നിന്നുള്ള സർവീസും രാത്രി 11.45 ന് ഷാർജയിൽ നിന്നുള്ള സർവീസും അവസാനിപ്പിക്കും. പുതിയ ഷെഡ്യൂളിൽ നിരവധി സർവീസുകൾ എയർ ഇന്ത്യ നിർത്തലാക്കിയിട്ടുണ്ട്. ദുബൈയിൽനിന്ന് മുംബൈ, ഡൽഹി, ഗോവ, ഇൻഡോർ എന്നീ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്‌സ്പ്രസിന്റെയും ഏതാനും സർവീസുകളും നിർത്തലാക്കിയവയിൽ ഉൾപ്പെടും.
ദുബൈ, ഷാർജ സർവീസുകൾ നിർത്തുന്നതോടെ ആഴ്ചയിൽ 2200 സീറ്റുകൾ കുറയുമെന്നാണ് കണക്കാക്കുന്നത്. നിർത്തലാക്കുന്ന എയർ ഇന്ത്യ സർവീസുകൾ എയർ ഇന്ത്യ എക്‌സ്പ്രസ് ഏറ്റെടുക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നുവെങ്കിലും നടപ്പായിട്ടില്ല. എയർ ഇന്ത്യ എകസ്പ്രസിന്റെ ഷെഡ്യൂളുകളിൽ വ്യത്യാസമുള്ളതിനാൽ യാത്രക്ക് മുൻപ് യാത്രക്കാർ എയർലൈനുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. പി.എൻ.ആർ നമ്പറിലെ മാറ്റങ്ങൾ ഇ-മെയിൽ വഴിയോ ഫോൺ നമ്പർ വഴിയോ ലഭിച്ചേക്കില്ലെന്നും ഓഫീസുമായി ബന്ധപ്പെടണമെന്നും അധികൃതർ വ്യക്തമാക്കുന്നു.
Air India will stop many services after the summer schedule that starts tomorrow