ഹമാസിനെ ഇല്ലാതാക്കാൻ ഇസ്രായേലിന് അടുത്ത കാലത്തൊന്നും കഴിയില്ലെന്ന് അമേരിക്ക

വെടിനിർത്തൽ ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ഹമാസ് സംഘം കെയ്‌റോയിൽനിന്ന് മടങ്ങി

Update: 2024-02-23 17:53 GMT
Advertising

അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം നടന്നുകൊണ്ടിരിക്കെ തന്നെ ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നു. 24 മണിക്കൂറിനിടെ ആക്രമണത്തിൽ 100ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു.

ഹമാസിന്റെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താനല്ലാതെ ഹമാസിന്റെ സൈനിക ശേഷി മുഴുവനായും ഇല്ലാതാക്കാൻ ഇസ്രായേലിന് അടുത്ത കാലത്തൊന്നും കഴിയില്ലെന്ന് യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്രായേലിന്റെ അനധികൃത കുടിയേറ്റത്തിനുള്ള പദ്ധതിയെ വിമർശിച്ച യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കൻ രംഗത്തുവന്നു. ഫലസ്പു​തീൻ പ്രദേശങ്ങളിൽ പുതുതായി 3000 ഭവന യൂനിറ്റുകൾ നിർമിക്കുമെന്ന്​ ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു.

ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം നടക്കുന്ന സമയത്താണ് റഫയിൽ അഭയാർഥി ക്യാമ്പുകളിലും ആശുപത്രികളിലും ഇസ്രായേൽ ആക്രമണം തുടരുന്നത്. ജെനിനിൽ ഹമാസ് ബന്ധം ആരോപിച്ച് ഡ്രോൺ ആക്രമണത്തിൽ ഇസ്രായേൽ ഒരാളെ കൊലപ്പെടുത്തി. സെൻട്രൽ ഗാസയിലെ വീടുകൾക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ 40 പേരും കൊല്ലപ്പെട്ടു.

റഫയിൽ ഇസ്രോയേൽ നടത്തിയ ആക്രമണത്തിൽ ഫയാസ് അസദ് മുഹമ്മദ് മുഅമ്മർ എന്ന ഫലസ്തീൻ റെഡ് ക്രസന്റ് ജീവനക്കാരൻ മരിച്ചതായി അധികൃതർ അറിയിച്ചു. ഒക്ടോബർ ഏഴിന് ശേഷം പത്തു ഫലസ്തീൻ തടവുകാർ മരിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതിനിടെ വെടിനിർത്തൽ ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ഹമാസ് സംഘം കെയ്‌റോയിൽനിന്ന് മടങ്ങി. ഇസ്രായേൽ, ഈജിപ്ത് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇസ്മായിൽ ഹനിയയുടെ നേതൃത്വത്തിലെ സംഘം തിരിച്ചുപോയത്. പ്രതിഷേധങ്ങൾക്കിടെ ഗസ്സയുടെ നിയന്ത്രണം ഉദ്യോഗസഥർക്ക് നൽകുന്ന പദ്ധതി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവതരിപ്പിച്ചു. അതേസമയം, വെടിനിർത്തൽ സംബന്ധിച്ച് പാരീസിൽ ചർച്ചകൾ പുനരാരംഭിച്ചിട്ടുണ്ട്. ചർച്ചയിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് അമേരിക്ക അറിയിച്ചു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News