വാർഷിക നിക്ഷേപ സമ്മേളനത്തിന് അബൂദബിയിൽ തുടക്കം
മുഖ്യമന്ത്രി പിണറായി വിജയനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ യാത്ര മാറ്റിവെക്കുകയായിരുന്നു
അബൂദബി: പന്ത്രണ്ടാമത് വാർഷിക നിക്ഷേപക സംഗമത്തിന് അബൂദബിയിൽ തുടക്കം. സുസ്ഥിര വളർച്ചക്കുള്ള ഭാവി നിക്ഷേപ അവസരങ്ങൾ എന്ന പ്രമേയത്തിലാണ് സമ്മേളനം. സുസ്ഥിര, ഹരിത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾക്ക് സമ്മേളനം രൂപം നൽകും.
നേരിട്ടുള്ള വിദേശനിക്ഷേപം സുഗമമാക്കുക, സാങ്കേതിക സൗകര്യങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുക, പുതിയ നയങ്ങൾക്ക് രൂപം കാണുക എന്നിവയും സമ്മേളന ലക്ഷ്യങ്ങളിൽപെടുന്നു. 170 രാജ്യങ്ങളിൽ നിന്നായി പന്ത്രണ്ടായിരത്തിലേറെ പ്രതിനിധികൾ സമ്മേളനത്തിനെത്തി. സർക്കാർ പ്രതിനിധികൾക്കു പുറമെ വിവിധ രാജ്യങ്ങളിലെ സാമ്പത്തിക വിദഗ്ധർ, ബിസിനസുകാർ, നിക്ഷേപകർ എന്നിവർക്കു പുറമെ ആഗോള കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സാരഥികളും സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ യാത്ര മാറ്റിവെക്കുകയായിരുന്നു. അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന്റെ രക്ഷാധികാരത്തിലാണ് നിക്ഷേപക സമ്മേളനം.